കാലിക്കറ്റ് സര്‍വകലാശാലയെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ അധ്യാപകനും ഗവേഷകനുമായിരുന്നു ഡോ. കെ.എസ്. മണിലാലെന്ന് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അനുസ്മരിച്ചു.
സര്‍വകലാശാലയിലെ ബോട്ടണിവിഭാഗത്തില്‍ അധ്യാപകനായാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.
1986-ല്‍ സീനിയര്‍ പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന ഡോ. മണിലാല്‍ 1999 – ല്‍ സർവകലാശാലാ സർവീസിൽ നിന്ന് വിരമിച്ചു.
ഹോര്‍ത്തൂസ് മലബാറിക്കസിന്റെ പരിഭാഷയാണ് ഡോ. കെ.എസ്. മണിലാലിന്റെ മഹത്തായ സംഭാവന. ലാറ്റിൻ ഭാഷയിൽ രചിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കസ് ഇംഗ്ളീഷിലേക്കും മലയാളത്തിലേക്കും ഡോ. മണിലാല്‍ പരിഭാഷപ്പെടുത്തി.
ശാസ്ത്ര മേഖലയ്ക്കുള്ള സമഗ്രസംഭാവനക്ക് 2020 – ൽ ഇദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. ഹോര്‍ത്തൂസില്‍ പരാമര്‍ശിച്ച എല്ലാ സസ്യഗണങ്ങളും ഡോ. മണിലാലിന്റെ നേതൃത്വത്തില്‍ ഗവേഷകവിദ്യാര്‍ഥികള്‍ ശേഖരിച്ചു.
ഇവയെല്ലാം കാലിക്കറ്റിലെ ഹെര്‍ബേറിയമായ ‘ കാലി ‘ യില്‍ സൂക്ഷിച്ചിട്ടുണ്ട്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇ.കെ. ജാനകി അമ്മാള്‍ പുരസ്‌കാരവും നെതര്‍ലാന്‍ഡ് ഗവണ്‍മെന്റിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നാസൗ എന്നിവ ഇദ്ദേഹത്തിന് ലഭിച്ച പ്രധാന ബഹുമതികളില്‍ ചിലതാണ്.
അധ്യാപകനായും ഗവേഷകനായും ഗ്രന്ഥകാരനായും കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രശസ്തി അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയ ഡോ. കെ.എസ്. മണിലാലിന്റെ നിര്യാണം നികത്താനാകാത്ത നഷ്ടമാണ്.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ സമൂഹം അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് അനുശോചന കുറിപ്പിൽ വൈസ് ചാൻസിലർ അറിയിച്ചു.