മാനാഞ്ചിറയിലെ പുഷപ്പ് എടുക്കുന്ന ഗാന്ധി യഥാര്‍ത്ഥത്തില്‍ ആരാണ്?

0

അത് ഗാന്ധിയല്ല കേട്ടോ. ഗാന്ധിയുമായി യാതൊരു ബന്ധവുമില്ല. പക്ഷേ, നമ്മുടെ ദേശീയ നേതാക്കന്‍മാരില്‍ ഒരാളുമായി ആ പ്രതിമയ്ക്ക് ബന്ധമുണ്ട്.

കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് പോയിട്ടില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മൈതാനത്തിന് നടുവില്‍ ഒരു പാറയുടെ മേല്‍ സര്‍ക്കസ് അഭ്യാസം കാണിച്ചു നില്‍ക്കുന്ന മൊട്ടത്തലയന്റെ പ്രതിമ കണ്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആ മൊട്ടത്തലയന് പേര് വീണു. അതും നമ്മുടെ സ്വന്തം രാഷ്ട്രപിതാവിന്റെ.

ഒറ്റനോട്ടത്തില്‍ ഗാന്ധിജിയാണോ അതെന്ന് ആര്‍ക്കും സംശയം തോന്നാം. അതിനാല്‍ ആരും പറഞ്ഞു കൊടുക്കാതെ തന്നെ ആ പ്രതിമയ്ക്ക് വിളിപ്പേര് വീണു, പുഷപ്പ് എടുക്കുന്ന ഗാന്ധി. ആ പ്രതിമയെ ആദ്യമായി കാണുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ മുന്‍കേട്ട് പരിചയമില്ലാതെ തന്നെ ആ പേര് മനസ്സില്‍ വരും. അതിനാല്‍, അവര്‍ കരുതും തങ്ങളാണ് ആ പേരിട്ടതെന്ന്. എന്തായാലും പറഞ്ഞും അറിഞ്ഞും കേട്ടും ആ പേരങ്ങ് പതിഞ്ഞു.

എന്നാല്‍, അത് ഗാന്ധിയല്ല കേട്ടോ. ഗാന്ധിയുമായി യാതൊരു ബന്ധവുമില്ല. പക്ഷേ, നമ്മുടെ ദേശീയ നേതാക്കന്‍മാരില്‍ ഒരാളുമായി ആ പ്രതിമയ്ക്ക് ബന്ധമുണ്ട്. ദേശീയ ഗാനത്തിന്റെ രചയിതാവായ രബീന്ദ്രനാഥ ടാഗോറുമായി. എന്നാല്‍ ഇരുവരും തമ്മില്‍ കണ്ടിട്ടില്ല. ആ പ്രതിമയ്ക്ക് കാരണഭൂതനായ വ്യക്തി ജനിക്കുന്നത് അങ്ങ് ബംഗാളിലാണ്. ടാഗോറിന്റെ സ്വന്തം വിശ്വഭാരതി ശാന്തിനികേതന് സമീപം.

അതും ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ രക്തംചൊരിഞ്ഞ് പൊരുതിയ സാന്താള്‍ വംശജനായി. പേര് മുസൂയി.

ഈ മുസൂയിയെ പുഷപ്പ് എടുക്കുന്ന ഗാന്ധി എന്ന് കോഴിക്കോടുകാര്‍ വിളിക്കുന്ന പ്രതിമയാക്കി മാറ്റിയത് ഒരു മലയാളിയാണ്. പ്രശസ്ത ശില്‍പിയായ കെ എസ് രാധാകൃഷ്ണന്‍. കോട്ടയത്തെ കുഴിമറ്റംകാരനാണ് രാധാകൃഷ്ണന്‍. 1956-ല്‍ ജനിച്ച രാധാകൃഷ്ണന്‍ ചങ്ങാനശേരി എസ് ബി കോളെജില്‍ നിന്നും പ്രീഡിഗ്രി പാസായശേഷം തുടര്‍പഠനത്തിനായി 1973-74-ല്‍ വിശ്വഭാരതിയിലെത്തി. അവിടെ നിന്നും വിഖ്യാത ഇന്ത്യന്‍ ശില്‍പി രാംകിങ്കര്‍ ബെയ്ജിന്റെ ശിഷ്യനായി കലാപഠനം നടത്തി ബിഎഫ്എയും എംഎഫ്എയും പാസായി.

അദ്ദേഹം വിശ്വഭാരതിയിലെത്തിയ തുടക്കകാലത്താണ് മുസൂയിയെ കാണുന്നത്. അവര്‍ പരിചയപ്പെട്ടു സുഹൃത്തുക്കളായി. കൂടെക്കൂടുന്നത്. രാധാകൃഷ്ണന്റെ കൈകളിലൂടെ മുസൂയി ലോകപ്രശസ്തനായി. അദ്ദേഹം മുസൂയിയെ കഥാപാത്രമാക്കിയാണ് ശില്‍പങ്ങള്‍ മെനയുന്നത്. പിന്നീട് മുസൂയിയുടെ ഭാര്യ മയ്യയേയും അദ്ദേഹം കഥാപാത്രമാക്കി ശില്‍പങ്ങള്‍ പണിതു. ലോകമെമ്പാടും പല പ്രശസ്ത വേദികളിലും മുസൂയിയുടേയും മയ്യയുടേയും ശില്‍പങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കലയുടെ കേദാരമായ ഫ്രാന്‍സില്‍ മാത്രം രാധാകൃഷ്ണന്റെ 30 ഓളം ശില്‍പങ്ങള്‍ ഉണ്ട്. രാധാകൃഷ്ണന്‍ ശില്‍പ നഗരമായ കോഴിക്കോടിനായി സമര്‍പ്പിച്ച ശില്‍പമാണ് കാലപ്രവാഹം. ആ മുസൂയി ശില്‍പത്തെയാണ് പുഷപ്പ് എടുക്കുന്ന ഗാന്ധിയായി കോഴിക്കോട് വിളിക്കുന്നത്.

മാനാഞ്ചിറയിലെ പുഷപ്പ് എടുക്കുന്ന ഗാന്ധി യഥാര്‍ത്ഥത്തില്‍ ആരാണ്?
Leave A Reply

Your email address will not be published.