എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചുള്ള കേന്ദ്ര സർക്കാർ ബില്ലുകളെ വിമർശിച്ച് ഹൈക്കോടതി.കേന്ദ്രം സമർപ്പിച്ച 132 കോടി രൂപ ബില്ലില്‍ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി മാത്രമാണ്.
ബാക്കി ബില്ലുകള്‍ 8 വർഷം മുൻപുള്ളത്. ആദ്യ ബില്ല് 2006 ല്‍ നടന്ന ദുരന്തത്തിലേതാണ്. പെട്ടന്ന് ഈ ബില്ലുകള്‍ എല്ലാം എവിടുന്നു കിട്ടി എന്ന് കോടതി ചോദിച്ചു.
ബില്ലിന്റെ കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാൻ കേന്ദ്രത്തിന് ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി.
വയനാട് ദുരിതാശ്വാസത്തില്‍ ഹൈക്കോടതി നിർദേശ പ്രകാരം കേന്ദ്രത്തിന് കണക്ക് കൊടുത്തെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഇത് സംബന്ധിച്ച കത്ത് കോടതിയില്‍ ഹാജരാക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
എന്നാല്‍ കത്ത് ഔദ്യോഗികമായി കിട്ടിയില്ലെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ന് തന്നെ നടപടി ക്രമങ്ങള്‍ പാലിച്ച് കത്ത് അയക്കാമെന്ന് സർക്കാർ അറിയിച്ചു.