29 -ാമത് ഐ എഫ് എഫ് കെയുടെ അഞ്ചാം ദിനത്തിൽ പി. ഭാസ്കരന്റെ സ്മരണകൾ ഉണർത്തി നീലക്കുയിലിന്റെ പ്രദർശനം നടന്നു. നീലക്കുയിലിൽ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹനെ നിള തിയേറ്ററിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
ചിത്രത്തിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവായ വിപിൻ മോഹന് ചലച്ചിത്ര അക്കാദമിയുടെ ആദരം സെക്രട്ടറി സി അജോയ് അർപ്പിച്ചു.
നീലക്കുയിലിന്റെ ചിത്രീകരണത്തിന്റെയും ഭാസ്കരൻ മാഷിന്റെ കൂടെ പ്രവർത്തിച്ചതിന്റെയും ഓർമ്മകളിൽ വിപിൻ മോഹൻ വാചാലനായി.
ഭാസ്‌ക്കരൻ മാഷ് തനിക്കൊരു സഹോദരനെപ്പോലെയാണെന്നു അദ്ദേഹം പറഞ്ഞു. ഐക്യകേരളം സ്വപ്നം കാണുകയും ,കേരളത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തിൽ വിപ്ലവത്തിന്റെ വെളിച്ചം വിതറുകയും ചെയ്ത പി.ഭാസ്കരൻ നവോത്‌ഥാന കേരളത്തിന്റെ നായകനാണെന്ന്, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേം കുമാർ അഭിപ്രായപ്പെട്ടു.
‘മലയാള സിനിമയിലും ആകാശവാണിയിലെ പ്രവർത്തന രീതിയിലും സാഹിത്യ സംസ്ക്കാരത്തിന് രൂപം നൽകിയത് ഭാസ്കരൻ മാഷാണ്, മലയാള സിനിമയിൽ ആദ്യമായി തനതായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. എന്നാൽ ഇന്ന് ആ പാട്ടുകളിലൂടെ മാത്രം ഓർമിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സംവിധാന മികവ് പലപ്പോഴും നാം മറക്കുന്നു‘ സിനിമാനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഭാസ്കരൻ മാഷിന്റെ നൂറാം ജന്മ വാർഷികത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടർന്ന് ‘നീലക്കുയിൽ’ പ്രദർശിപ്പിച്ചു. 1954 ഒക്ടോബർ 22 ന് പുറത്തിറങ്ങിയ ചിത്രം പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടുന്ന ആദ്യ മലയാള ചിത്രമായി.
ഭാസ്കരൻ മാഷും രാമു കാര്യാട്ടും ചേർന്ന് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ജാതി വിവേചനവും സാമൂഹിക അസമത്വവും പ്രധാന പ്രമേയങ്ങളായി.
സത്യൻ, മിസ്സ് കുമാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പി ഭാസ്കരൻ – രാഘവൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ ഇന്നും മലയാളികൾക്ക് സുപരിചിതമാണ്.
ഉറൂബിന്റെ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ അഭിനേതാവായും പി ഭാസ്കരൻ മാഷ് എത്തി. എ വിൻസെന്റ് ആണ് ഛായാഗ്രഹണം.