24 കായിക ഇനങ്ങൾ, 495 മത്സരങ്ങൾ, മത്സരിക്കുന്നവരെല്ലാം ജേതാക്കൾ; കോഴിക്കോടിന്റെ മുഖഛായ മാറ്റാനൊരുങ്ങി സംസ്ഥാന സ്‌പെഷ്യൽ ഒളിമ്പിക്സ് 2024

0

വീറും വാശിയുമല്ല, ഒരുമയും സ്നേഹവുമാണ് ഓരോ വിജയത്തിനും മാറ്റേകുന്നത്…!കായിക ലോകത്ത് കൗതുകകരമായ ഒരു പുതിയ അദ്ധ്യായം രചിക്കാൻ കോഴിക്കോട് നഗരം ഒരുങ്ങി.

കോഴിക്കോട് ആഥിത്യമരുളുന്ന സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് – കേരള, സ്റ്റേറ്റ് അത്ലറ്റിക് മീറ്റ് 2024 കായിക മഹാമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം.

മൂന്ന് രാപ്പകൽ നീളുന്ന മത്സരങ്ങൾ ഡിസംബർ 27 മുതൽ ആരംഭിക്കും. ബൗദ്ധികവും വളർച്ച പരവുമായ (Intellectual and Developmental) പരിമിതികളുള്ള ഭിന്നശേഷിക്കാരുടെ കഴിവുകൾ കായിക രംഗത്തിലൂടെ പരിപോഷിപ്പിച്ചെടുക്കുക എന്നതാണ് സ്‌പെഷ്യൽ ഒളിമ്പിക്സിന്റെ പ്രഥമ ലക്ഷ്യം.

അവരുടെ സവിശേഷതകൾ പരിഗണിച്ച് രൂപപ്പെടുത്തിയ കായിക മത്സര നിയമാവലികളുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ ഒളിമ്പിക്സ് സംഘടിപ്പിച്ചിട്ടുള്ളത്.

പ്രാദേശികതലം (ജില്ലാതലം) മുതൽ അന്തർദേശീയ തലം വരെ ചിട്ടയോടെ മത്സരങ്ങൾ നടന്നു വരുന്നുണ്ട്.

2018-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സ്ന് ശേഷം കേരളത്തിൽ സംസ്ഥാനതല മത്സരം നടന്നിരുന്നില്ല.

ഡിസംബർ 27, 28, 29 തീയ്യതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ റഹ്‌മാൻ ഗ്രൗണ്ടിൽ വച്ച് 2024-ലെ സ്‌പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന കായിക മേള നടക്കും. കേരളത്തിലെ 14 ജില്ലകളിൽ നിന്നും പ്രാതിനിധ്യമുണ്ട്.

അഞ്ച്‌ പ്രായ പരിധികളിൽ നിന്നായി അയ്യായിരത്തോളം അത്ലറ്റുകളാണ് മത്സരിക്കുന്നത്.

കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് ചെയർപേഴ്സണായും, സ്പെഷൽ ഒളിമ്പിക്സ് ഭാരത് – കേരളയുടെ ചെയർമാൻ, ഡോ. എം. കെ. ജയരാജ് ജനറൽ കൺവീനറുമായുള്ള ഒരു സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിലെ 235 സ്‌പെഷ്യൽ-ബഡ്‌സ്-നോർമൽ സ്‌കൂളുകളിൽ നിന്ന് 4468 പേർ രജിസ്റ്റർ ചെയ്തു. അവർക്കൊപ്പം, അവരെ അനുഗമിച്ചുകൊണ്ടുള്ള രക്ഷിതാക്കളും, അധ്യാപകരും, പരിശീലകരും, വളണ്ടിയർമാരും, ഒഫീഷ്യലുകളും ഉൾപ്പടെ 7000 പേർ പരിപാടിയിൽ സംബന്ധിക്കും.

ആദ്യ ദിനം രാവിലെ 8:30 മണിക്കും, മറ്റു ദിവസങ്ങളിൽ 7:00 മണിക്കും മത്സരങ്ങൾ ആരംഭിക്കും.

വൈകീട്ട് 6:00 മണി വരെ നീളുന്ന മത്സരങ്ങൾ, ഒളിമ്പ്യൻ റഹ്‌മാൻ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലും തൊട്ടടുത്തുള്ള ഗ്രൗണ്ടിലുമായി എട്ട് സ്ഥലങ്ങളിലായാണ് നടക്കുക.

റണ്ണിങ് റേസ്, വാക്കിങ് റേസ്, വീൽ ചെയർ റേസ്, ലോങ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, സോഫ്റ്റ് ബോൾ ത്രോ എന്നിങ്ങനെ 24 കായിക ഇനങ്ങളിലായി 495 മത്സരങ്ങളാണുള്ളത്.

ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങൾക്ക് പുറമെ മത്സരിക്കുന്ന എല്ലാ അത്ലറ്റുകൾക്കും സമ്മാനങ്ങൾ നല്കുന്നുണ്ടെന്ന പ്രത്യേകതയും പ്രസ്തുത കായിക മേളയ്ക്കുണ്ട്.

സഹ മത്സരാർത്ഥികളെ പിന്തള്ളി ഒന്നാമതാവണം എന്ന സാധാരണ കായിക മനോഭാവത്തിൽ നിന്നും വ്യത്യസ്തമായി ഒപ്പം മത്സരിക്കുന്നവരെയും ചേർത്ത് ഒന്നായി മുന്നേറണം എന്ന മഹത്തായ തത്വമാണ് സ്പെഷ്യൽ ഒളിമ്പിക്സ് പിന്തുടരുന്നത്.

ഡിസംബർ 27-ന് വൈകീട്ട് നടക്കുന്ന മാർച്ച് പാസ്റ്റിനു ശേഷം കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.

ഉദ്ഘാടന യോഗത്തിൽ, മന്ത്രിമാരായ അഡ്വ. പി. എ. മുഹമ്മദ് റിയാസ്, എ. കെ. ശശീന്ദ്രൻ, വി. അബ്ദുറഹിമാൻ, സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് പ്രസിഡണ്ട് ഡോ. മല്ലിക നദ്ദ, ജനറൽ സെക്രട്ടറി ഡോ. ഡി. ജി. ചൗധരി തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നേതാക്കൾ പങ്കാളികളാകും.

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന വിഭാഗത്തിലുള്ളവർക്കായി ഒരുക്കുന്ന ഈ കായികമഹാമഹം ഒരു സ്പോർട്സ് മത്സരത്തിലുപരി ഈ മേഖലയിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിത യാഥാർഥ്യങ്ങളിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ഔന്നത്യമുള്ള ഒരു ശാക്തീകരണ സംരംഭമാണ്.

ക്ഷേമപ്രവർത്തനങ്ങളിൽ മികച്ച പാരമ്പര്യമുള്ള അക്ഷര നഗരമെന്ന് ലോകമറിയുന്ന കോഴിക്കോടിന്, സ്‌പെഷ്യൽ ഒളിമ്പിക്സിലൂടെ കാരുണ്യ നഗരം എന്ന വിശിഷ്ട നാമം കൂടി നൽകാനാവും എന്നാണ് സംഘാടകരുടെ പ്രതീക്ഷ.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ 1. ഡോ. ബീന ഫിലിപ്പ് (മേയർ, കോഴിക്കോട് കോർപ്പറേഷൻ) 2. പി. ദിവാകരൻ (ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി, കോഴിക്കോട് കോർപ്പറേഷൻ) 3. ഡോ. റോയ് ജോൺ. വി (വൈസ് പ്രസിഡണ്ട്, ജില്ലാ സ്പോർട്സ് കൌൺസിൽ) 4. Fr. റോയ് കണ്ണഞ്ചിറ (ഏരിയ ഡയറക്ടർ, SOB കേരള) 5. Sr. റാണി ജോ (പ്രോഗ്രാം മാനേജർ, SOBകേരള) 6. ഡോ. ജയരാജ്. എം. കെ (പ്രസിഡണ്ട്, SOB കേരള) 7. കെ. സജിത്ത് കുമാർ (സെക്രട്ടറി , കാലിക്കറ്റ് പ്രസ്സ് ക്ലബ്) 8. എ. അഭിലാഷ് ശങ്കർ (മാനേജർ, ULCCS ഫൌണ്ടേഷൻ) 9. എം. മൻസൂർ (പ്രോജക്ട് ഡവലപ്പ്മെന്റ് ഓഫീസർ, ULCCS ഫൌണ്ടേഷൻ) 10. കമാൽ വരദൂർ (സ്പോർട്സ് ജേണലിസ്റ്റ്) 11. പി. കെ. എം. സിറാജ് (ജില്ലാ കോ ഓർഡിനേറ്റർ, SOB കേരള)

Leave A Reply

Your email address will not be published.