കോഴിക്കോട്: എം.ടി. വാസുദേവൻ നായർ (91) അന്തരിച്ചു. രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നു ഡിസംബർ 15നാണ് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായി 1933 ജൂലൈ 15ന് കൂടല്ലൂരിലാണ് എം.ടി ജനിച്ചത്.
മലമക്കാവ് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്ക്കൂൾ, പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ചു.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാരചയിതാവ്, ചലച്ചിത്രസംവിധായകൻ, പത്രാധിപർ എന്നീ നിലകളിൽ പ്രസിദ്ധനാണ് എം.ടി.
1956 മുതൽ 1968 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപർ, പിന്നെ പ്രധാനപത്രാധിപർ. 1981-ൽ വിരമിച്ചു. വീണ്ടും 1988ൽ മാതൃ ഭൂമി പീരിയോഡിക്കൽസ് എഡിറ്ററായി ജോലി ചെയ്തു.
ആദ്യത്തെ കഥ 1948-ൽ പ്രസിദ്ധപ്പെടുത്തി. മലയാളകഥാ- നോവൽ സാഹിത്യരംഗത്തു തനതായ ഒരു മാർഗംതുറന്ന എം.ടിയുടെ രചനകൾ സാമൂഹിക ബന്ധങ്ങളിലെ പൊരുത്തക്കേടുകളും തകർച്ചകളും ദുരന്ത ങ്ങളും ചിത്രീകരിക്കുന്നവയാണ്.
കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ച നാലുകെട്ട് (നോവൽ), കിളിവാതിലിലൂടെ (ഉപന്യാസം), ഗോപുരനടയിൽ (നാടകം), കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കാലം, വയലാർ അവാർഡ് നേടിയ രണ്ടാമൂഴം, ഓടക്കുഴൽ അവാർഡ് നേടിയ വാനപ്രസ്ഥം, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, പാതിരാവും പകൽവെളിച്ചവും, ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴലുകൾ തുടങ്ങിയവയാണ് മുഖ്യകൃതികൾ. കൃതികൾ പലതും ഇന്ത്യൻഭാഷകളിലും വിദേശഭാഷകളിലും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
നിർമാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ് എന്നീ ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, പഞ്ചാഗ്നി, ഒരു വടക്കൻ വീരഗാഥ, ഓളവും തീരവും തുടങ്ങി അനേകം ചലച്ചിത്രങ്ങൾക്കു തിരക്കഥയെഴുതി.
കേന്ദ്ര ഫിലിം സെൻസർ ബോർഡ്, പൂനെയിലെ ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി എന്നിവയിൽ അംഗമായിരുന്ന എം.ടി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിംഗ് പ്രഫസറുമായിരുന്നു.
കാലിക്കറ്റ് സർവകലാശാലയുടെയും മഹാത്മാ ഗാന്ധി സർവകലാശാലയുടെയും നേതാജി സുഭാഷ് ഓപ്പണ് സർവകലാശാല യുടേയും ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
ഓളവും തീരവും, നിർമാല്യം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, കടവ്, പരിണയം, ദയ, പഴശ്ശിരാജ എന്നീ സിനിമകൾ മികച്ച തിരക്കഥകൾക്കുള്ള സംസ്ഥാന പുരസ്കാരം നേടി.
ഓപ്പോൾ, അനുബന്ധം, ആരൂഢം, സുകൃതം എന്നീ സിനിമകൾക്കു മികച്ച കഥ യ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിർമാല്യത്തിനു മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചു.