ജമ്മു-കശ്മീരിനെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍

0

ജമ്മു-കശ്മീരിനെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.

72-ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. ഞായറാഴ്ച വൈകീട്ട് 7.30-ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍.

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 71-ാം മിനിറ്റില്‍ കോച്ച് ബിബി തോമസ് കൊണ്ടുവന്ന മാറ്റമാണ് കളിയിലെ വഴിത്തിരിവായത്.

അസ്ലമിനെയും അജ്‌സലിനേയും പിന്‍വലിച്ച് അര്‍ജുനും മുഷ്‌റഫും ഇറങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ജോസഫ് ജസ്റ്റിന്‍ അര്‍ജുനെ ലക്ഷ്യം വെച്ച് പോസ്റ്റിലേക്ക് ചിപ് ചെയ്ത പന്ത് കശ്മീര്‍ ഡിഫന്‍ഡര്‍ ആതര്‍ ഇര്‍ഷാദ് ക്ലിയര്‍ ചെയ്തത് ബോക്‌സിലുണ്ടായിരുന്ന നസീബ് റഹ്‌മാന് നേര്‍ക്ക്.

നെഞ്ചില്‍ പന്ത് നിയന്ത്രിച്ച് നസീബ് തൊടുത്ത വോളി വലയില്‍ കയറുന്നത് കണ്ടുനില്‍ക്കാനേ ജമ്മു കശ്മീര്‍ ഗോളിക്കായുള്ളൂ.

തിരിച്ചടിക്കാന്‍ ജമ്മു ശ്രമിച്ചെങ്കിലും ക്യാപ്റ്റന്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം കോട്ട പോലെ ഉറച്ചുനിന്നു. ഫൈനല്‍ തേര്‍ഡില്‍ നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും മുന്നേറ്റനിരയുടെ ഫിനിഷിങ്ങിലെ പോരായ്മ ജമ്മു കശ്മീരിന് തിരിച്ചടിയായി.

Leave A Reply

Your email address will not be published.