വിജയ് മർച്ചൻ്റ് ട്രോഫി: മധ്യപ്രദേശിനോട് ലീഡ് വഴങ്ങി കേരളം

0

ലക്‌നൗ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ മധ്യപ്രദേശിന് 30 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 121 റൺസിന് അവസാനിച്ചു.

കളി നിർത്തുമ്പോൾ മധ്യപ്രദേശ് രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റിന് 144 റൺസെന്ന നിലയിലാണ്.

ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാൻ്റെ ഓൾ റൌണ്ട് മികവാണ് മധ്യപ്രദേശിന് കരുത്തായത്.

മൂന്ന് വിക്കറ്റിന് 19 റൺസ് എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല.

ആറ് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിന് ക്യാപ്റ്റൻ ഇഷാൻ രാജിൻ്റെ വിക്കറ്റ് നഷ്ടമായി.

തുടർന്നെത്തിയ ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ ഒരറ്റത്ത് ചെറുത്ത് നിന്ന ജൊഹാൻ ജിക്കുപാലിൻ്റെ പ്രകടനമാണ് കേരളത്തെ നാണക്കേടിൽ നിന്ന് കരകയറ്റിയത്.

38 റൺസെടുത്ത ജൊഹാനും പത്ത് റൺസെടുത്ത ഗൌതം പ്രജോദും മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്.

അഞ്ച് വിക്കറ്റെടുത്ത യഷ് വർധൻ സിങ് ചൌഹാനാണ് മധ്യപ്രദേശ് ബൌളിങ് നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിൻ്റെ ആദ്യ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായി.

എന്നാൽ യഷ് വർധൻ സിങ്ങും കനിഷ്ക് ഗൌതമും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മധ്യപ്രദേശിനെ കരകയറ്റി.

കളി നിർത്തുമ്പോൾ യഷ് വർധൻ സിങ് ചൌഹാൻ 74 റൺസോടെയും കനിഷ്ക് ഗൌതം 43 റൺസോടെയും ക്രീസിലുണ്ട്.

കേരളത്തിന് വേണ്ടി തോമസ് മാത്യു രണ്ട് വിക്കറ്റ് വീഴ്ത്തി.

Leave A Reply

Your email address will not be published.