പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ.
ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി.
നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം. ബി. രാജേഷ് നിർദ്ദേശം നൽകി.
ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും മറ്റ് കൂട്ടായ്മകളുടെയും പ്രതിനിധികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തിയാണ് ജനകീയ സമിതികൾ രൂപീകരിക്കുക.
ഇതോടൊപ്പം മാലിന്യം ശേഖരിക്കാനുള്ള ബിന്നുകൾ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നുവെന്നും അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും.
മാലിന്യസംസ്‌കരണ രംഗത്ത് സംസ്ഥാനം രാജ്യത്തിന് മാതൃകയാകുമ്പോഴും, പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ജനകീയ ക്യാമ്പയിൻ ഏറ്റെടുക്കുന്നത്.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇതേത്തുടർന്ന് ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് തദ്ദേശഭരണ അധ്യക്ഷന്മാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായുള്ള യോഗം കഴിഞ്ഞദിവസം മന്ത്രി എം. ബി. രാജേഷ് വിളിച്ചു ചേർത്തിരുന്നു.
ക്യാമറാ നിരീക്ഷണത്തിന് പുറമേ കൂടുതൽ മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി മാപ് ചെയ്യുകയെന്നതും പരിപാടിയുടെ ഭാഗമാണ്.
പ്രധാന ജംഗ്ഷനുകൾ ഉൾപ്പെടെ ഇത്തരം സ്ഥലങ്ങളിൽ തുടർന്ന് മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് ജനകീയ സമിതികൾ നേതൃത്വം നൽകുക എന്നതാണ് ഉദ്ദേശിക്കുന്നത്.
ഇതോടൊപ്പം വിദ്യാലയങ്ങൾ, കലാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയെ വലിച്ചെറിയൽ മുക്തമാക്കുക എന്നതും ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മറ്റു നിയമനടപടികളും ശക്തമാക്കും.
ഇതിനുപുറമെ എല്ലാ സർക്കാർ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
പരിസര പ്രദേശം വൃത്തിയായി സൂക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം.
ക്യാമ്പയിനിന്റെ വിജയത്തിനായി തദ്ദേശ സ്ഥാപന തലത്തിൽ സംഘടനകളുടെയും ക്ലബ്ബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും യോഗം വിളിച്ചു ചേർക്കും.
വലിച്ചെറിയൽ മുക്തമാക്കേണ്ട പ്രദേശങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളും ബിന്നുകൾ സ്ഥാപിച്ച സ്ഥലങ്ങളിലെ നടപടികളും ഈ യോഗത്തിൽ ആസൂത്രണം ചെയ്യും.
ക്യാമ്പയിൻ വിജയിപ്പിക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്നും മന്ത്രി എം. ബി. രാജേഷ് ആഹ്വാനം ചെയ്തു.
എല്ലാ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും കൂട്ടായ്മകളും വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർഥിച്ചു.