കോഴിക്കോട് : ക്യാൻസർ വഴിയൊരുക്കിയ വേദനകളും പിരിമുറുക്കങ്ങളുമെല്ലാം മറന്ന് മണിക്കൂറുകളോളം ആ കുട്ടികൾ ആടിപ്പാടി.. തങ്ങളെ പോലെ ക്യാൻസർ ബാധിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്ത മറ്റു കുട്ടികളുമായി അവർ വിശേഷങ്ങൾ പങ്കിട്ടു. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് കൂട്ടുകൂടി.
കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കെയറിങ് ഫോർ ചൈൽഡ് ഹുഡ് ക്യാൻസർ ആൻഡ് ക്രോണിക് ഇൽനെസ്സ് (സി ഫോർ സി.സി.സി.ഐ) എന്ന സംഘടനയാണ് ക്യാൻസർ ബാധിതരായ കുട്ടികൾക്ക് വേണ്ടി പുനർജനി എന്ന പേരിൽ ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്.
നൂറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ വേദനകൾ മറന്ന് കുട്ടികൾ അവരുടെ കലാപ്രകടനങ്ങൾ കാഴ്ചവെച്ചത് ശ്രദ്ധേയമായി.
അദ്വൈത്. എം. ശ്രീ അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷനും എസ്. ജെ. കളക്റ്റീവ് അവതരിപ്പിച്ച സംഗീത പരിപാടിയും സംഗമത്തിന് മാറ്റേകി കുട്ടികളിൽ ആവേശമുയർത്തി.
അതിവേഗം രോഗമുക്തമായി അടുത്ത പുനർജനി സംഗമത്തിന് കാണാമെന്ന പ്രതീക്ഷയുമായാണ് അവർ മടങ്ങിയത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിൽ നടന്ന പരിപാടി ഐ എം സി എച്ച് മുൻ അസോസിയേറ്റ് പ്രൊഫസർ ഡോ. ഒ. സി. ഇന്ദിര ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പുനർജനി മാഗസിൻ ഇന്ത്യൻ പീഡിയാട്രിക് സൊസൈറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോക്ടർ രാജേഷ് ടി വി സി ഫോർ സി.സി.സി.ഐ ചെയർപേഴ്സൺ ഡോ. സുധാകൃഷ്ണനുണ്ണിക്ക് നൽകി പ്രകാശനം ചെയ്തു.
സിദ്ധാർഥ് വന്നാരത്ത് സമ്മാന വിതരണ ഉദ്ഘാടനം നിർവഹിച്ചു.കുട്ടികൾക്കുള്ള വാക്കർ, കിടക്ക തുടങ്ങിയവയും ചടങ്ങിൽ വിതരണം ചെയ്തു.