കോഴിക്കോട്:സംസ്ഥാനത്ത് ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ നിയമനാംഗീകാരം ലഭിക്കാതെ പ്രയാസപെടുന്ന അധ്യപകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ക്കൊണ്ട് കേരള എയ്ഡഡ് ടീച്ചേഴ്സ് കലക്ടീവ് (കെ.എ.ടി.സി) സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂളുകളിലും ഡിസംബർ 31 ന് കരിദിനം ആചരിച്ചു.
നിയമന അംഗീകാരം ലഭിക്കാത്ത മുഴുവൻ അധ്യാപകരും കറുത്ത വസ്ത്രവും ബാഡ്ജും ധരിച്ചാണ് സ്കൂളുകളിൽ എത്തിയത്. 2021 നവംബർ എട്ടിനു ശേഷം എയ്ഡഡ് സ്കൂളുകളിൽ സ്ഥിരനിയമനം ലഭിച്ച അധ്യാപകർക്ക് ഭിന്നശേഷി സംവരണ പ്രശ്നമുന്നയിച്ച് ദിവസവേതനാടിസ്ഥാനത്തിൽ ശമ്പളം നൽകാനുള്ള തീരുമാനം ഉപേക്ഷിക്കണം. ശമ്പള സ്കെയിൽ പുനഃസ്ഥാപിച്ച് നിയമനാംഗീകാരം നൽകാനുള്ള സത്വര നടപടി സ്വീകരിക്കണം. നിയമനം ലഭിച്ച് വർഷങ്ങളായിട്ടും ദിവസ വേതനം പോലും ലഭിക്കാത്ത നിരവധി അധ്യാപകരുണ്ട്. സ്കൂളുകളിൽ നിയമിക്കപ്പെട്ട അധ്യാപകരിൽ ഒരാൾ പോലും പുറത്തു പോകുന്ന സാഹചര്യമുണ്ടാകരുത്.നിലവിൽ ഒഴിച്ചിടാൻ പോസ്റ്റ് ഇല്ലാത്ത സ്കൂളുകളിൽ അടുത്ത പോസ്റ്റിലേക്ക് ഭിന്നശേഷി നിയമനം മാറ്റി വെക്കണം. ഇയർമാർക്ക് ചെയ്ത് തസ്തിക മാറ്റിവച്ച സ്കൂളുകളിലെ മറ്റ് തസ്തികകളിൽ സ്ഥിര നിയമനങ്ങൾക്ക് അംഗീകാരം നൽകണം. യോഗ്യരായ ഭിന്നശേഷിക്കാരുടെ നിയമനം കാലതാമസമില്ലാതെ ഉടൻ പൂർത്തികരിക്കണമെന്നും അതിൻ്റെ പേരിൽ ജോലിയിൽ പ്രവേശിച്ച അധ്യാപകരെ പട്ടിണിക്കിടരുതെന്നും കെ.എ.ടി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാർക്ക് മുൻകാല പ്രാബല്യത്തോടെ നിശ്ചിതശതമാനം സംവരണം ഉറപ്പാക്കണമെന്നാണ് കോടതിവിധിയെങ്കിലും പലവിഷയങ്ങളിലും ഈ വിഭാഗത്തിലെ യോഗ്യരായ അധ്യാപകരെ കിട്ടാനില്ല.
ഭിന്നശേഷി നിയമനം നടക്കാത്തതിനാൽ മറ്റ് നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുന്നില്ല. ഇതിനോടകം നിയമനം ലഭിച്ചവരും ദിവസവേതനത്തിൽ തുടരേണ്ട സ്ഥിതിയാണ്.
2022 മുതൽ 16,000-ത്തോളം അധ്യാപകർ ഇങ്ങനെ ദിവസവേതനത്തിൽ തുടരുന്നുണ്ടെന്നാണ് കണക്ക്. നിയമനവും നിയമനാംഗീകാരവും നീളുന്ന സാഹചര്യത്തിൽ ഹയർസെക്കൻഡറിയിലടക്കം സ്ഥാനക്കയറ്റവും മുടങ്ങിയിരിക്കുകയാണെന്ന് കെ.എ.ടി.സി ഭാരവാഹികൾ പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധികൾ ഉൾപ്പെടെ നടപ്പിലാക്കുന്നില്ല എന്നതാണ് വസ്തുത. UID ഇൻവാലിഡിൻ്റെ പേരിൽ ആവശ്യത്തിന് കുട്ടികൾ ഉണ്ടായിട്ടും നിരവധി അധ്യാപകരുടെ ജോലി നഷ്ടപ്പെട്ടു.
അധിക തസ്തികയിൽ ജോലി ചെയ്യുന്ന അധ്യാപകർ വർഷങ്ങളായി ശമ്പളം ഇല്ലാതെ തുടരുകയാണ്.
എയ്ഡഡ് മേഖലയിലെ ഇത്തരം പ്രതിസന്ധികൾ പൊതു വിദ്യാഭ്യാസ രംഗത്ത് തന്നെ ഗുരുതര പ്രതിസന്ധികൾ സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് .
സംസ്ഥാന കമ്മറ്റിയുടെ പ്രഥമ മീറ്റിംഗ് തൃശൂർ ഹോട്ടൽ പേൾ റീജൻസിയിൽ നടന്നു. സംസ്ഥാന സ്കൂൾ കലോൽസവ നഗരിയിൽ പ്രതീകാത്മക സമരവും ജനുവരി 18 നു സെക്രട്ടറിയേറ്റ് മാർച്ചും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഭാരവാഹികളായി ബിൻസിൻ ഏക്കാട്ടൂർ(പ്രസിഡന്റ്), ജിതിൻ കോഴിക്കോട്,റോസൻ ഏർണാകുളം,ശാന്തനു പാലക്കാട് (വൈസ് പ്രസിഡന്റുമാർ),ശ്രീഹരി കണ്ണൂർ(ജനറൽ സെക്രട്ടറി),ഹെൽന ടീച്ചർ തൃശ്ശൂർ, ഹനാന ടീച്ചർ മലപ്പുറം, ,അനീസ് ആലപ്പുഴ, ഷബീർ മലപ്പുറം,രോഹിത് പാലക്കാട്,ഇജാസ് കോഴിക്കോട്, വിനായക് കൊല്ലം ,ജാബിർ കണ്ണൂർ,രാഹുൽ തിരുവനന്തപുരം,അക്ഷയ് കോഴിക്കോട് , മൻസൂർ വയനാട് , ശ്രീനാഥ് ഏർണാകുളം, ടീന ടീച്ചർ (സെക്രട്ടറിമാർ),നീതുമോൾ ടീച്ചർ കോട്ടയം ( ട്രഷറർ)സെബിൻ പാലക്കാട് (അക്കൗണ്ടന്റ്) എന്നിവരെ തെരഞ്ഞെടുത്തു.