മന്ത്രി ജെ. ചിഞ്ചുറാണി ഇന്ന് ജില്ലയില്‍
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഇന്ന് (ഡിസംബര്‍ 21) ജില്ലയില്‍. പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് രാവിലെ 11.30 ന് മന്ത്രി ഉദ്ഘാടനം ചെയ്യും. എം.എല്‍.എ ടി. സിദ്ധഖ് അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.എല്‍.എമാരായ കെ.എം സച്ചിന്‍ദേവ്, ഇ.കെ വിജയന്, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല ഡയറക്ടര്‍ ടി.എസ് രാജീവ്, വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് അനില്‍, ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ടി പ്രദീപ് കുമാര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
വോട്ടര്‍പട്ടിക പുതുക്കല്‍: 27 നകം ആക്ഷേപങ്ങള്‍ തീര്‍പ്പാക്കണം
വോട്ടര്‍പട്ടിക പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളും അവകാശ വാദങ്ങളും ഡിസംബര്‍ 27 നകം തീര്‍പ്പാക്കണമെന്ന് ഇലക്ട്രല്‍ റോള്‍ ഒബ്സര്‍വര്‍ എസ്. ഹരികിഷോര്‍ നിർദേശം നൽകി.. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 79 ശതമാനം അപേക്ഷകള്‍ തീര്‍പ്പാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്റുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ ഉഷാകുമാരി, ഡെപ്യൂട്ടി കളക്ടര്‍മാരായ എം. ബിജുകുമാര്‍, പി.കെ കുര്യന്, ജില്ലാ . ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ഇലക്ഷന് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലേക്ക് 23 വരെ പരാതികള്‍ നല്‍കാം
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്കടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്ക് ഡിസംബര്‍ 23 വരെ പരാതികള്‍ നല്‍കാം. പരാതികള്‍ താലൂക്ക് ഓഫീസുകള്‍ മുഖേനയും അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായും നല്‍കാം. പരാതിയില്‍ പേര്, ഫോണ്‍ നമ്പര്‍, താലൂക്ക്, ജില്ല എന്നിവ രേഖപ്പെടുത്തണം. ഭൂമി സംബന്ധമായ വിഷയങ്ങള്‍, പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കൈയ്യേറ്റം, അതിര്‍ത്തി തര്‍ക്കങ്ങള്‍, വഴി തടസ്സപ്പെടുത്തല്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, കെട്ടിട നമ്പര്‍, നികുതി, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികള്‍, ശാരീരിക-ബുദ്ധി-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്ഷന്, മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്കരണം, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷന്‍കാര്‍ഡ്, കാര്‍ഷിക വിളകളുടെ സംഭരണം, വിതരണം, വിള ഇന്‍ഷൂറന്‍സ്, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സഹായം, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണത്തില്‍ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, എന്‍ഡോ സള്ഫാന് ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ട പരിഹാരം തുടങ്ങിയ വിഷയങ്ങളിലെ പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. ഡിസംബര്‍ 28 ന് വൈത്തിരി താലൂക്കിലും ജനുവരി മൂന്നിന് സുല്‍ത്താന്‍ ബത്തേരിയിലും ജനുവരി നാലിന് മാനന്തവാടി താലൂക്ക് കേന്ദ്രങ്ങളിലും അദാലത്ത് നടക്കും.
ക്രിസ്തുമസ്-പുതുവത്സരാഘോഷം: പരിശോധന ശക്തമാക്കും
ക്രിസ്തുമസ്-പുതുവത്സരാഘോഷടനുബന്ധിച്ച് അന്തര്‍ സംസ്ഥാന ഫോഴ്സിന്റെ സംയുക്ത സഹകരണത്തോടെ പരിശോധന ശക്തമാക്കാൻ ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു. വ്യാജമദ്യത്തിന്റെ ഉപഭോഗം, കടത്ത്, വില്പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ സമിതി യോഗം എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. താലൂക്ക്തല ജനകീയ കമ്മിറ്റികള്‍ കാര്യക്ഷമമാക്കി കമ്മിറ്റി മുഖേന പരാതികള്‍ പരിശോധിക്കും. ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപഭോഗ പാർട്ടികൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ എ.ഡി.എം കെ ദേവകി നിർദേശം നൽകി. ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 2024 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ 17 വരെ 1537 റെയ്ഡുകളും പോലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകള്‍ സംയുക്തമായി 93 പരിശോധനകളും നടത്തി.12000 വാഹനങ്ങള്‍ പരിശോധിച്ചു. 199 അബ്കാരി കേസുകളും 147 എന്‍.ഡി.പി.എസ് കേസുകളും 703 കോട്പ കേസുകളും രേഖപ്പെടുത്തി . കോട്പ കേസുകളില്‍ പിഴയായി 1,40,600 രുപ ഈടാക്കി. അബ്കാരി കേസില്‍ 179 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 155 പ്രതികളെയും അറസ്റ്റ് ചെയ്തു. തൊണ്ടി മുതലായി 740 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 19 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം, 8 ലിറ്റര്‍ ബിയര്‍, 560 ലിറ്റര്‍ വാഷ്, 153 ലിറ്റര്‍ കള്ള്, 16 ലിറ്റര്‍ ചാരായം, 65 ലിറ്റര്‍ അരിഷ്ടം 9.286 കി.ഗ്രാം കഞ്ചാവ്, 20 കഞ്ചാവ് ചെടികള്‍, 2 കഞ്ചാവ് ബീഡി, 397 ഗ്രാം മെത്താംഫീറ്റാമിന്‍, 276 ഗ്രാം മാജിക്ക് മഷ് റും, 8 ഗ്രാം എം.ഡി.എം.എ, 1.006 ഗ്രാം ഹാഷിഷ് ഓയില്‍, 6.56 ഗ്രാം ചരസ്, 18 കി. ഗ്രാം പുകയില ഉത്പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. വിവിധ കേസുമായി ബന്ധപ്പെട്ട് 22,500 രൂപയുംപിടിച്ചെടുത്തു. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലായി 16 വാഹനങ്ങളും പിടികൂടി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനകീയ സമിതി യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫ്, നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോഷി ജോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി, ജനകീയ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂംക്രിസ്തുമസ്-പുതുവത്സരവുമായി ബന്ധപ്പെട്ട് ലഹരി കടത്ത് തടയുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്ട്രോള് റൂം, ജില്ലാതല സ്ട്രൈക്കിംഗ് ഫോഴ്സ്, ഹൈവേ പട്രോളിംഗ്, എന്നിവ രൂപീകരിച്ചു. താലൂക്ക്തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധനകള്‍ നടത്തും. ജില്ലാതല കണ്ടോള് റൂം-04936-228215, ടോള്‍ ഫ്രീ നമ്പര്‍-1800 425 2848, സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല കണ്ട്രോള് റൂം 04936-227227, 248190, 246180, വൈത്തിരി 04936-202219, 208230, മാനന്തവാടി 04935-240012, 244923 .
വൈദ്യുതി മുടങ്ങും
പനമരം കെ.എസ്.ഇ.ബി പരിധിയിലെ ആറാംമൈല്‍, വിളമ്പുകണ്ടം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ഡിസംബര്‍ 21) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്.ഡിക്ക് കീഴില്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 9747680868.