നടക്കാവ് ഹോളി ക്രോസ് കോളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എന്നിവിടങ്ങളിൽ ഷുഗർ ബോർഡുകൾ സ്ഥാപിച്ചു

0

ജില്ലാ ഭരണകൂടത്തിൻ്റെയും ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെയും ലയൻസ് ഇൻ്റർനാഷ്ണൽ (318 ഇ) ൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കാവ് ഹോളി ക്രോസ് കോളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എന്നിവിടങ്ങളിൽ ഷുഗർ ബോർഡുകൾ സ്ഥാപിച്ചു.

ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ജീവിത ശൈലി രോഗങ്ങൾക്കെതിരെയുള്ള ജനകീയ പ്രതിരോധ – അവബോധ പരിപാടിയായ ‘സൗഖ്യ’ യുടെ ഭാഗമായാണ് ഷുഗർ ബോർഡുകൾ സ്ഥാപിച്ചത്.

ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവും അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളും ബോധിപ്പിക്കുന്നതാണ് ഷുഗർ ബോർഡുകൾ.

തത്ഫലമായി ആരോഗ്യത്തിന് ഗുണകരമല്ലാത്ത ഇത്തരം പാനീയങ്ങൾക്ക് പകരം ആരോഗ്യകരമായ സാധ്യതകൾ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

വെള്ളം കുടിക്കുന്നതിൻ്റെ ആവശ്യകതയും ശരീരത്തിൽ ആവശ്യമായ അളവിൽ വെള്ളം ഇല്ലാതിരിക്കുന്നത്തിലൂടെ ഉണ്ടായേക്കാവുന്ന ഹൃസ്വ – ദീർഘ കാല പ്രത്യാഘാതങ്ങളെ ഓർമ്മിപ്പിച്ചും ഗുണഫലങ്ങളെ ചൂണ്ടിക്കാട്ടി യുമുള്ള പ്രചാരണങ്ങൾ ഇക്കാലയളവിൽ കാമ്പസുകൾ കേന്ദ്രീകരിച്ച് നിർവഹിക്കും. ഇതിൻ്റെ ഭാഗമായാണ് നിശ്ചിത ഇടവേളകളിൽ വെള്ളം കുടിക്കാൻ ഓർമ്മപ്പെടുത്തി ബെല്ല് അടിക്കുന്ന സംവിധാനം നടപ്പിലാക്കുന്നത്.

‘വാട്ടർ ബെല്ല്’ എന്ന പേരിൽ അവതരിപ്പിച്ച പ്രസ്തുത പദ്ധതിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

ഈ മാതൃകകൾ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിൽ വരുത്താനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.

വിദ്യാഭ്യാസ വകുപ്പുകളുടെയും ആരോഗ്യ, ഭക്ഷ്യ സുരക്ഷ വകുപ്പുകളുടെ കൂട്ടായ നേതൃത്വത്തിൽ ഫലപ്രദമായ പദ്ധതി നിർവ്വഹണം ഉറപ്പാക്കും.

ഇത് സംബന്ധിച്ച ബഹുമുഖങ്ങളായ ഓൺലൈൻ – ഓഫ്‌ലൈൻ പ്രചാരണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കും.

പൊതുജന പങ്കാളിത്തത്തോടെ പൊതു ഇടങ്ങൾ, ഭക്ഷണ ശാലകൾ തുടങ്ങിയ ഇടങ്ങളിൽ കൂടെ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും അധികൃതർ അറിയിച്ചു.

അസിസ്റ്റൻ്റ് കലക്ടർ ആയുഷ് ഗോയൽ ഐ.എ.എസ്. പരിപാടികൾ ഉദ്ഘാടനം ചെയ്തു.

അസിസ്റ്റൻ്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ സക്കീർ ഹുസൈൻ, ലയൺസ് ക്ലബ് ജില്ലാ കോർഡിനേറ്റർ കെ.കെ. സെൽവരാജ്,ഡോ.ജമീൽ ഷാജിർ ജില്ലാ ജനറൽ ആശുപത്രി ഫിസിഷ്യൻ , കോളേജ് അധികൃതർ എന്നിവർ സംബന്ധിച്ചു.

ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലെ അംഗങ്ങളാണ് പരിപാടികളുടെ ഏകോപനം നിർവഹിച്ചത്.

Leave A Reply

Your email address will not be published.