പത്താംതരം തുല്യതാ പരീക്ഷ: ജില്ലയില്‍ 89.2 ശതമാനം വിജയം
സംസ്ഥാന സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ പത്താം തരം തുല്യതാ പരീക്ഷക്ക് ജില്ലയില്‍ 89.2 ശതമാനം വിജയം. പരീക്ഷ എഴുതിയ 308 പേരില്‍ 275 പേര്‍ വിജയിച്ചു. വിജയിച്ചവരില്‍ 59 പുരുഷന്‍മാരും 216 സ്ത്രീകളും 15 പട്ടികജാതി വിഭാഗക്കാരും 41 പട്ടികവര്‍ഗ്ഗക്കാരുമാണ്. ഒരാള്‍ ഭിന്നശേഷി വിഭാഗത്തിലും ഉൾപ്പെടുന്നു. പനമരം ഗവഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 61 വയസുക്കാരനായ എം.സി മോഹനനാണ് പ്രായം കൂടിയ പഠിതാവ്. 20 വയസുള്ള വിശാഖ് രവിയാണ് പ്രായം കുറഞ്ഞ പഠിതാവ്. വിജയികളെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത്കുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു. പത്താം തരം വിജയിച്ചവര്‍ക്ക് ജനുവരി 10 വരെ ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.
സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പക്ക് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. പദ്ധതികള്‍ പ്രകാരം വായ്പ തുക ഉപയോഗിച്ച് ഗുണഭോക്താവിന് കൃഷി ഒഴികെയുള്ള സ്വയം തൊഴില്‍ പദ്ധതി ചെയ്യാം. വായ്പ തുകയുടെ ആറു ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി വസ്തു- ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കല്‍പ്പറ്റ പിണങ്ങോട് റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.
ബാര്‍ബര്‍ ഷോപ്പ് : ധനസഹായത്തിന് അപേക്ഷിക്കാം
പിന്നാക്ക വിഭാഗ വികസന വകുപ്പ് പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികളില്‍ നിന്നും ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ www bwin.kerala.gov.in പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. പരമ്പരാഗത തൊഴില്‍ ചെയ്യുന്ന 60 വയസ്സ് കവിയാത്തവരും കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തിലധികരിക്കാത്തവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷ ജനുവരി 10 നകം നല്‍കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ – 0495 2377786
സജ്ജം ക്യാമ്പിന് തുടക്കമായി
കുടുംബശ്രീ ജില്ലാ മിഷന്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ബാലസഭാ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ‘സജ്ജം’ ക്യാമ്പിന് തുടക്കമായി. കാലാവസ്ഥ വ്യതിയാനം, ദുരന്തം, അപകടങ്ങളെ ചെറുത്ത് നില്‍ക്കല്‍, കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ബോധവാന്മാരാക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം. മൂന്ന് ബാച്ചുകളായി നടത്തുന്ന ക്യാമ്പില്‍ 250 കുട്ടികള്‍ പങ്കെടുക്കും. നൂല്‍പ്പുഴ അധ്യാപക ഭവനില്‍ നടന്ന ക്യാമ്പ് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജയ അധ്യക്ഷയായ പരിപാടിയില്‍ സ്‌പെഷല്‍ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ടി.വി സായി കൃഷ്ണന്‍, സംസ്ഥാന മിഷന്‍ അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ കെ. ശാരിക, സ്‌പെഷല്‍ പ്രൊജകട് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി. രാജീവ്, നൂല്‍പ്പുഴ പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു.
എം.എല്‍.എ ഫണ്ട് അനുവദിച്ചു
ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തി എടവക ഗ്രാമപഞ്ചായത്തിലെ പുതിയിടംകുന്ന്, പൈങ്ങാട്ടേരി, മാനന്തവാടി ഗവ കോളേജ് ബസ് സ്റ്റോപ്പ്, പായോട്, കാരക്കുനി, കാപ്പുംചാല്‍, പുലിക്കാട്, കുന്നമംഗലം, മാനന്തവാടി പോളിടെക്‌നിക് ജങ്ഷന്‍, തോണിച്ചാല്‍ – ഇരുമ്പുപാലം, കാവണക്കുന്ന്, ഇടഞ്ചേരി നാല് സെന്റ് കോളനി, കൊയിലേരി – കമ്മന പാലം എന്നിവിടങ്ങളില്‍ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 30,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചു.ടി. സിദ്ദിഖ് എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ കടൂര്‍ -ചോലമല, എളമ്പലേരി – അരണമല, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കളം- പന്തി പൊയില്‍ – വാളാരംകുന്ന് എന്നീ സ്ഥലങ്ങളില്‍ ഹാങ്ങിങ് ആന്‍ഡ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് 61,40,000 രൂപയുടെയും വൈത്തിരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ലാപ്‌ടോപ്പ് , അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 2,67,791 രൂപയുടെയും ഭരണാനുമതി ലഭിച്ചു.
അധ്യാപക നിയമനം
വാകേരി ഗവ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ എച്ച്.എസ്. ടി ഫിസിക്കല്‍ സയന്‍സ്, യു.പി. എസ്.റ്റി തസ്തികകളില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി മൂന്നിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനധ്യാപകന്‍ അറിയിച്ചു. ഫോണ്‍ – 04936- 229005*
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലശേരിമല റോഡ്, മംഗലശേരി ക്രഷര്‍ പരിധിയില്‍ ഇന്ന് (ജനുവരി 1) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപ്പെടും. പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ ആരിച്ചാലിൽ കവല ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (ജനുവരി 1)രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.