പുതിയവര്‍ഷം പ്രതീക്ഷകളുടെതാണ്. അതിജീവനത്തിന്റെ പാതയിലാണ് വയനാട്. ദുരിതകാലങ്ങളുടെ മുറിവുണങ്ങി വയനാടിന് ഇനിയും മുന്നേറണം. ഇതിനായുള്ള സമഗ്രപദ്ധതികള്‍ തയ്യാറാക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ പറഞ്ഞു.
കുട്ടികളുമായുള്ള ജില്ലാ കളക്ടറുടെ ഗുഡ് മോണിങ്ങ് കളക്ടര്‍ പ്രതിവാര സംവാദ പരിപാടിയാണ് വയനാടിന്റെ പ്രതീക്ഷകളും വെല്ലുവിളികളുമെല്ലാം പങ്കുവെക്കുന്നതിന്റെ വേദിയായി മാറിയത്.
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥികളാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രിയുടെ ഗുഡ്‌മോണിങ്ങ് കളക്ടര്‍ പരിപാടിയില്‍ പുതുവത്സര ദിനത്തില്‍ അതിഥികളായെത്തിയത്.
വയനാടിന്റെ സാമ്പത്തിക ഉന്നമനത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വിനോദ സഞ്ചാരം, കാര്‍ഷികം തുടങ്ങിയ മേഖലകള്‍. ഈ മേഖലകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
ദുരന്തങ്ങള്‍ക്ക് ശേഷം സേഫ് ടൂറിസം എന്ന പേരില്‍ ജില്ലാ ഭരണകൂടം ക്യാമ്പെയിന്‍ നടത്തിയിരുന്നു. ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം, അഗ്രി ടൂറിസം എന്നിങ്ങനെ വിവിധ ശാഖകളായുള്ള വയനാട് ടൂറിസത്തെ തിരിച്ചു പിടിക്കും. ഇതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്.
എന്‍ ഊര് പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജില്ലാ കളക്ടര്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്നും ഇനിയുമുള്ള മുന്‍കരുതല്‍ എന്തായിരിക്കണം എന്ന ചോദ്യം ദുരന്തമേഖലയില്‍ നിന്നുള്ള എം.പി.സിനാന്‍ മുഹമ്മദിന്റേതായിരുന്നു.
ദുരന്ത ലഘൂകരണത്തിന്റെ ഭാഗമായുള്ള മാറ്റി പാര്‍പ്പിക്കലിന് ഷെല്‍ട്ടറുകള്‍ തുടങ്ങിയവയുടെ വ്യാപനവും ആധുനിക സാങ്കേതിക വിദ്യയുടെ ലഭ്യതയും സാധ്യതയുമെല്ലാം ഇതിന് ഉത്തരമായി ജില്ലാ കളക്ടര്‍ പങ്കുവെച്ചു.
ഉന്നത പഠനത്തിനായുള്ള ജില്ലയിലെ സൗകര്യങ്ങള്‍, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ സമഗ്രമായ സംവാദത്തിന്റെ നിറവിലായിരുന്നു ജില്ലാ കളക്ടറുടെ ചേംബറിലെ പുതുവര്‍ഷദിനത്തിലെ ആദ്യ അരമണിക്കൂര്‍.
യുവതലമുറയില്‍ വളരുന്ന ആത്മഹത്യ, ലഹരി എന്നിവയെല്ലാം അത്യധികം അമര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇതില്‍ നിന്നെല്ലാമുള്ള പിന്‍മാറ്റത്തിന്റെ വേദിയായിരിക്കണം കലാലയങ്ങള്‍. മാനസികാരോഗ്യം പ്രധാനപ്പെട്ടതാണ്. ഇതെല്ലാം ഉള്‍ക്കൊണ്ട് കുട്ടികള്‍ക്ക് കൗമാരകാലം പിന്നിടാന്‍ കഴിയണമെന്നും ജില്ലാ കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.
സെന്റ് മേരീസ് കോളേജ് അധ്യാപികയായ പി.ആര്‍.അശ്വതിയും ഗുഡ്‌മോണിങ്ങ് കളക്ടര്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അനുഗമിച്ചിരുന്നു.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ ഇതുവരെ കളക്ടറുടെ പ്രതിവാര ഗുഡ് മോണിങ്ങ് കളക്ടര്‍ പരിപാടിയില്‍ ഇതിനകം പങ്കെടുത്തിരുന്നു.
ഭരണനിര്‍വ്വഹണം, അടിസ്ഥാന നിര്‍ദ്ദേശങ്ങളുടെ സമന്വയം എന്നിങ്ങനെയെല്ലാം സ്വാംശീകരിക്കുന്ന പുതിയ തലമുറകളുമായുള്ള സംവാദം ജില്ലയുടെയും വേറിട്ട അനുഭവമാണ്.