ഡ്രോൺ ഷോ ഇന്നും നാളെയും വൈകീട്ട് 7.30 ന്
കടലിലും കരയിലും ആകാശത്തും വര്‍ണ വിസ്മയക്കാഴ്ചകള്‍ തീര്‍ക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ സീസണ്‍ നാലിന് ഇന്ന് (ജനുവരി നാല്) ഉജ്ജ്വല തുടക്കമാകും.
ജനുവരി നാല്, അഞ്ച് തിയ്യതികളിലായി ജല സാഹസിക കായിക മത്സരങ്ങളും പ്രദര്‍ശനങ്ങളും കൊണ്ട് നാടുണര്‍ത്തുന്ന മേളയുടെ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി.
ജല കായിക ഇനങ്ങളും ഭക്ഷ്യമേളയും പട്ടം പറത്തൽ മേളയും ഡ്രോണ്‍ ഷോയും മറ്റു സംഗീത കലാപരിപാടികളും അരങ്ങേറുന്ന ഫെസ്റ്റ് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.
ബേപ്പൂരില്‍ മറീന ബീച്ച്, ബ്രേക്ക് വാട്ടര്‍, പുലിമുട്ട്, ബേപ്പൂർ തുറമുഖം, ചാലിയം ബീച്ച് എന്നിവിടങ്ങളിലായാണ് പരിപാടികള്‍ നടക്കുക.
ഡ്രോണ്‍ ഷോ, അന്താരാഷ്ട്ര പട്ടംപറത്തൽ മേള, വിനീത് ശ്രീനിവാസനും സംഘവും, കെ എസ് ഹരിശങ്കറും സംഘവും, ജ്യോത്സ്ന രാധാകൃഷ്ണന്‍ ബാൻഡും ഒരുക്കുന്ന സംഗീത നിശ, സിറ്റ് ഓണ്‍ ടോപ്പ് കയാക്ക്, സെയ്‌ലിംഗ്, ചൂണ്ടയിടല്‍, ഫ്‌ളൈ ബോര്‍ഡ് ഡെമോ, ഡിങ്കി ബോട്ട് റേസ്, പാരാമോട്ടോറിംഗ്, കോസ്റ്റ്ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ ഫ്ളൈ പാസ്റ്റ്, സര്‍ഫിംഗ്, വലയെറിയല്‍, നാടന്‍ വള്ളങ്ങളുടെ മത്സരം, പാരാമൗണ്ടിംഗ് തുടങ്ങി മത്സര, പ്രദർശന പരിപാടികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുക.
ഫെസ്റ്റിന്റെ രണ്ട് ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനെത്തും.
പ്രദര്‍ശനം സൗജന്യമായിരിക്കും. ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഭക്ഷ്യമേള ബേപ്പൂര്‍ പാരിസണ്‍സ് കോംപൗണ്ടില്‍ ജനുവരി അഞ്ച് വരെ നീണ്ടു നില്‍ക്കും.
നാളെ (ജനുവരി അഞ്ച്) ബേപ്പൂര്‍ ബീച്ചില്‍ അഞ്ച് മണിക്ക് ഘോഷയാത്ര നടക്കും. ആറു മണിയോടെ സമാപന സമ്മേളനത്തിന് തുടക്കമാവും.
സമ്മേളനത്തില്‍ മന്ത്രിമാര്‍, സിനിമാ താരങ്ങള്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.