ഓളപ്പരപ്പിൽ വിസ്മയം തീർത്ത് കാണികളുടെ കൈയ്യടി നേടി ഫ്‌ളൈ ബോർഡ് ഡെമോ.
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി ശനിയാഴ്ച ബേപ്പൂർ ബ്രേക്ക് വാട്ടറിലാണ് ജല സാഹസിക പ്രദർശനമായ ഫ്ലൈ ബോർഡ് ഡെമോ നടന്നത്.
വെള്ളത്തിനടിയിൽ നിന്നും അതിസാഹസികമായി ഫ്ലൈ ബോർഡിൽ വെള്ളത്തിന് മുകളിലൂടെയുള്ള വേഗക്കുതിപ്പുകൾ കാണികൾക്ക് അത്ഭുതക്കാഴ്ച്ചയൊരുക്കി.
കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സോസൈറ്റിയുടെ നേതൃത്വത്തിലാണ് ഡെമോ ഒരുക്കിയത്.
കൗതുകമായി പാരാമോട്ടോറിംഗ്
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിലെത്തിയവർക്ക് കൗതുക കാഴ്ചയായി പാരാമോട്ടോറിംഗ്. ചാലിയം ബീച്ചിൽ നിന്നും പറന്നുയർന്ന ഗ്ലൈഡറുകൾ ബേപ്പൂർ മറീന ബീച്ചിലൂടെ ആകാശത്ത് അത്ഭുതക്കാഴ്ച്ചയായി. അഭ്യാസപ്രകടനങ്ങൾ നാല് മണിക്കൂർ നീണ്ടുനിന്നു.
പാരഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് പാരാമോട്ടോർ ഗ്ലൈഡർമാരാണ് ആകാശത്ത് ആകാശത്ത് സൗന്ദര്യകാഴ്ചകൾ തീർത്ത്.
വേഗക്കരുത്തിൽ ഡിങ്കി ബോട്ട് റെയ്സ്
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാലാം സീസണിന്റെ ആദ്യ ദിനത്തിൽ ആവേശം നിറച്ച് ഡിങ്കി ബോട്ട് റെയ്സ്. മത്സരവേഗത്തിൽ മുന്നേറിയ ഡിങ്കി ബോട്ടുകൾ കരയിലും കടലിലും ഒരുപോലെ ആവേശമുയർത്തി.
ബ്രേക്ക്‌വാട്ടറിൽ നടന്ന മത്സരത്തിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് പങ്കെടുത്തത്.22 പ്രാദേശിക ടീമുകൾ പങ്കെടുത്ത മത്സരം രണ്ടു പേരടങ്ങുന്ന ടീമായി ആറ് റൗണ്ടുകളിലായാണ് നടത്തിയത്.
അവസാന റൗണ്ടിൽ 10 പേരടങ്ങുന്ന അഞ്ച് ബോട്ടുകൾ ഫൈനലിൽ പ്രവേശിച്ചു. യുവജനങ്ങളും മുതിർന്നവരുമുൾപ്പടെ മത്സരത്തിന്റെ ഭാഗമായിരുന്നു.
സിദ്ദിഖ്, അബ്ദുൾ ഗഫൂർ എന്നിവരുടെ ടീം വിജയികളായി ഒന്നാമതെത്തി. സിറാജുദ്ദീൻ ജാഷിർ ടീം രണ്ടാം സ്ഥാനവും ഇർഫാൻ, റമീസ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.