സ്വന്തമായി ഭൂമിയുണ്ടായിട്ടും രേഖകളില്ലാത്ത സാഹചര്യങ്ങള്‍. കുടിവെള്ളമില്ലാത്തതിന്റെയും വഴിയില്ലാത്തതിന്റെയും പ്രശ്നങ്ങള്‍.
സാധാരണക്കാര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായിരുന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്ന് താലുക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകള്‍.
മൂന്ന് ദിവസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളില്‍ നടന്ന അദാലത്തില്‍ നിരവധി പരാതികളാണ് വനം വകുപ്പ് മന്ത്രി എ കെ. ശശീന്ദ്രന് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്. കേളു എന്നിവരുടെ നേതൃത്വത്തില്‍ പരിഹരിച്ചത്.
വൈത്തിരി താലൂക്കില്‍ 317 പരാതികളും സുല്‍ത്താന്‍ബത്തേരിയില്‍ 336 പരാതികളും മാനന്തവാടി താലൂക്കില്‍ 310 പരാതികളുമാണ് ലഭിച്ചത്.
ഓണ്‍ലൈനായി വൈത്തിരിയില്‍ 201പരാതിയും സുല്‍ത്താന്‍ ബത്തേരിയില്‍ 128 പരാതികളും മാനന്തവാടിയില്‍ 403 പരാതികളുമാണ് ലഭിച്ചത്.ഓണ്‍ലൈനായി 244 അപേക്ഷകള്‍ ലഭിച്ചു.
28 പരാതികള്‍ അദാലത്തുമായി ബന്ധമില്ലാത്തതിനാല്‍ നിരസിച്ചു. പ്രാഥമിക തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന പരാതികള്‍ അദാലത്ത് വേദിയില്‍ വെച്ചു തന്നെ തീര്‍പ്പാക്കി.
ബാക്കിയുള്ള പരാതികള്‍ തുടര്‍ നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ഈ പരാതികളില്‍ ഉടന്‍ പരിഹാരം കാണാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
വിവിധ വകുപ്പുതല പരിശോധനകള്‍ ആവശ്യമായ പരാതികളില്‍ വകുപ്പുകള്‍ സംയുക്തമായി പരിഹരിക്കും.
പൊതുവഴിതടസ്സപ്പെടുത്തല്, അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രശ്നപരിഹാരങ്ങള്‍ക്കായി തുടര്‍ പരിശോധനകള്‍ അനിവാര്യമാണ്.
വനം റവന്യു പരാതി പരിഹാരത്തിന് സംയുക്തശ്രമം
കാലങ്ങളായി കൈവശം വെക്കുന്നുണ്ടെങ്കിലും നികുതി എടുക്കാത്ത വിഷയം.വനാതിര്‍ത്തിയിലെ ഭൂമി വേര്‍തിരിച്ച് കിട്ടാത്തതിന്റെ പ്രശ്നം എന്നിങ്ങനെ നിരവധി പരാതികളാണ് അദാലത്തിലെത്തിയത്.
സങ്കീര്‍ണ്ണമായ ഈ വിഷയങ്ങളില്‍ വനം റവന്യു സംയുക്ത പരിശോധനകള്‍ നടത്തിയാല്‍ മാത്രമാണ് പരിഹാരം കാണാന്‍ കഴിയുക.
എന്നാല്‍ ഇരുവകുപ്പുകളില്‍ നിന്നും യഥാസമയം തീരുമാനം കൈക്കൊള്ളാന്‍ കഴിയാത്തതിനാല്‍ പ്രശ്നങ്ങളുടെ പരിഹാരം നീണ്ടുപോയിരുന്നു.
ഇതിന് പരിഹാരമായി രണ്ടു വകുപ്പുകളും ചേര്‍ന്ന ശ്രമം ഉണ്ടാകണമെന്ന് അദാലത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു.
ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ നിന്നും ഇത്തരത്തിലുള്ള പരാതികള്‍ അദാലത്തിന്റെ പരിഗണനയില്‍ വന്നിരുന്നു. വനം വകുപ്പ് ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പരാതി കേള്‍ക്കാന്‍ അദലാത്തില്‍ സന്നിഹിതരായിരുന്നു.
ഇ.എഫ്.എല്‍ വിജ്ഞാപനത്തിലെ അപാകതകള്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രനടക്കമുള്ളവര്‍ പരാതിക്കാരെ നിലവിലെ സാഹചര്യങ്ങളും നടപടി ക്രമങ്ങളും ബോധ്യപ്പെടുത്തിയിരുന്നു.
റീ സര്‍വെ സംബന്ധിച്ച അപാകതകള്‍, അതിര്‍ത്തിയിലെ അവ്യക്തതകള്‍, നികുതി സ്വീകരക്കാത്ത പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാമായിരുന്നു റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ടാണ്് ഏറെയും ലഭിച്ച പരാതികള്‍.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കാലങ്ങളായി നേരിടുന്ന വനം വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവയുടെ പരിഹാരത്തിനായി തുടര്‍ നടപടികള്‍ സ്വീകരിക്കും.
പരാതി പരിഹാരത്തിന് വകുപ്പുകള്‍ ഒന്നടങ്കം
അദലാത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഒന്നടങ്കം കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ സന്നിഹിതരായിരുന്നു.
പരാതിക്കാരെ കേള്‍ക്കാന്‍ പ്രത്യേക കൗണ്ടറുകളും ഏര്‍പ്പെടുത്തിയിരുന്ന.പരാതിക്കാരെ വിളിക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി പരാതി പരിഹാരത്തിനുള്ള നിര്‍ദ്ദേശം നല്കന്ന രീതിയാണ് തുടര്‍ന്നത്.
മുന്‍കൂട്ടി ഓണ്‍ലാനായി ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആദ്യം തന്നെ അയച്ചുകൊടുക്കുകയും പരാതി സംബന്ധിച്ച വിശദീകരണം അദാലത്തില്‍ ആരായുകയും ചെയ്തിരുന്നു.
നിരവധി സമയബന്ധിതമായി പരാതികള്‍ പരിഹരിക്കാന്‍ ഇതുവഴി കഴിഞ്ഞിരുന്നു.
കരാറുകാരന് തുക അനുവദിച്ച് ഉത്തരവായി
തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ജലവിതരണം നടത്തിയ കരാറുകാരന് കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ള തുക ഉടനടി നൽകുമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു താലൂക്ക്തല അദാലത്തിൽ അറിയിച്ചു.
മാനന്തവാടിസെൻ്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലാണ് 638900 (ആറുലക്ഷത്തി മുപ്പത്തി എട്ടായിരത്തി തൊള്ളായിരം) രൂപ കരാറുകാരന് ഉടൻ വിതരണം ചെയ്യാൻ മന്ത്രി തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിൻ്റെ അപേക്ഷയിലാണ് മന്ത്രി സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
2023 ൽ വരൾച്ച കാലഘട്ടത്തിൽ പൊതു ജനത്തിന് അടിയന്തരമായി കുടിവെള്ളം വിതരണം ചെയ്യേണ്ടി വന്നതിനാലും വരൾച്ച നീണ്ട് നിന്നതിനാലും സർക്കാർ നിഷ്കർഷിച്ച തുകയിൽ നിന്ന് അധികരിച്ച് കുടിവെള്ളം വിതരണം ചെയ്യേണ്ടി വന്നതാണ് കരാറുകാരന് കുടിശ്ശിക വന്നത്. മന്ത്രിയുടെ നിർദ്ദേശത്തോടെ പരാതിക്ക് പരിഹാരമായി .