ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാലാം സീസണിന്റെ ഭാഗമായി ബേപ്പൂർ മറീന ബീച്ചിന്റെ ആകാശങ്ങൾ സ്വന്തമാക്കി വർണ്ണപ്പട്ടങ്ങൾ.
വൈകിട്ട് 3 മണി മുതൽ പട്ടങ്ങൾ ബേപ്പൂരിൻ്റെ ആകാശം കീഴടക്കി ഉയർന്ന് തുടങ്ങി. പട്ടം പറത്തലിന്റെ ഭാഗമാകാൻ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പട്ടം പറത്തൽ വിദഗ്ദരാണ് ഇത്തവണയും ബേപ്പൂരിലേക്ക് എത്തിയത്.
10 സംസ്ഥാനങ്ങളിൽ നിന്നായി 50 കൈറ്റ് ഫ്ളൈയർസ് പട്ടം പറത്തലിൻ്റെ ഭാഗമായി. പല രൂപത്തിലുള്ള പട്ടങ്ങൾ കാണികളിൽ കൗതുകമുണർത്തി. നിരവധിയാളുകളാണ് പട്ടം പറത്തലിൻ്റെ ദൃശ്യവിസ്മയം നേരിട്ട് കണ്ട് ആസ്വദിക്കാൻ ബീച്ചിലെത്തിയത്.
ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, പൈലറ്റ്, ട്രെയിൻ, ഷോ കൈറ്റ്, ഇന്ത്യൻ ട്രെഡീഷണൽ തുടങ്ങിയ ഇനത്തിൽപ്പെട്ട കുതിര, പൂച്ച, താറാവ്, ഇന്ത്യൻ ഫ്ലാഗ് തുടങ്ങി പല രൂപത്തിലുള്ള പട്ടങ്ങൾ വാനിൽ നൃത്തമാടി.
ഞായറാഴ്ചയും ഉച്ച 2 മുതൽ 6 വരെ മറീന ബീച്ചിൽ പട്ടം പറത്തൽ ഉണ്ടാകും.
പട്ടവുമായി എത്തുന്ന താൽപര്യമുള്ളവർക്ക് ചാലിയം ബീച്ചിൽ പരിശീലനം നൽകുമെന്ന് പട്ടം പറത്തലിന് നേതൃത്വം നൽകിയ വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ പറഞ്ഞു.