ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിൻ്റെ ഭാഗമായി ഗതാഗതം സുഗമമാക്കാൻ ബേപ്പൂർ-ചാലിയം ജലപാതയിൽ പ്രത്യേകമായി ഏർപ്പാടാക്കിയ ഒരു ജങ്കാർ ഉൾപ്പെടെ രണ്ടു ജങ്കാറുകൾ സർവീസ് നടത്തിയത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി.
മലപ്പുറം ഭാഗത്തു നിന്ന് ഒരുപാട് കുടുംബങ്ങൾ ജങ്കാറിലേറി ബേപ്പൂരിൽ വന്നപ്പോൾ ഇക്കരയിലുള്ള ഒട്ടേറെ പേർ തിരിച്ചു ജങ്കാറിൽ കയറി ചാലിയം ഓഷ്യാനസ് ബീച്ചിലേക്കും സഞ്ചരിച്ചു.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് ജങ്കാറുകൾ സർവീസ് നടത്തുന്നത്; രാത്രി മൂന്ന് മണിക്കൂർ കൂടുതൽ.
അറുപതോളം പേർക്ക് കയറാൻ സാധിക്കുന്ന ജങ്കാറുകളാണിവ. ഫെസ്റ്റിവലിനോടനുബന്ധിച്ച് കൊച്ചിയിൽ നിന്നും പ്രത്യേകം കൊണ്ടുവന്നതാണ് രണ്ടാമത്തെ ജങ്കാർ.
ചാലിയം ഭാഗത്തു നിന്ന് ഒരു ജങ്കാർ പുറപ്പെടുമ്പോൾ ബേപ്പൂർ നിന്ന് രണ്ടാമത്തേത് പുറപ്പെടുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ ഫെസ്റ്റിവലിനെത്തുന്ന ആയിരക്കണക്കിന് ആളുകൾക്ക് യാത്ര സൂഗമമായി.