ഐ ലീഗ്: കളിച്ചു, ജയിച്ചില്ല Gokulam Kerala FC 0-0 Shillong Lajong fc

0

ഷില്ലോങ്ങ് 14/12/2024 : ഐ ലീഗിൽ ഷില്ലോങ് ലജോങ്ങിനെതിരേ സമനിലയുമായി ഗോകുലം കേരള. എവേ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെതിരേയുള്ള മത്സരമാണ് ഗോൾ രഹിതമായി അവസാനിച്ചത്.

അവസാന മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെ എതിരില്ലാത്ത എട്ടു ഗോളിന് തകർത്തതിന്റെ ആത്മിവശ്വാസത്തിൽ ഇറങ്ങിയ ലജോങ്ങിനെ വിറപ്പിക്കുന്ന പ്രകടനം ഗോകുലം നടത്തിയെങ്കിലും മത്സരത്തിൽ ജയിക്കാനായില്ല.

സെർജിയോയുടെ ക്യാപ്റ്റൻസിയിൽ രാഹുൽ രാജ്, മഷൂർ ഷരീഫ്, അതുൽ, അബെലഡോ എന്നിവരുൾപ്പെടുന്ന ടീമായിരുന്നു ആദ്യ ഇലവനിൽ കളത്തിലിറങ്ങിയത്.

വി.പി സുഹൈൻ, സൂസൈരാജ്, എമിൽ ബെന്നി എന്നിവരെ ബെഞ്ചിലിരുത്തിയായിരുന്നു ഗോകുലം ഇറങ്ങിയത്.

ആദ്യ പകുതിയിൽ ലജോങ്ങിന്റെ മുന്നേറ്റങ്ങളെ ഗോകുലം ശക്തമായി പ്രതിരോധിച്ചു. 27ാം മിനുട്ടിൽ പരുക്കിനെ തുടർന്ന് പ്രതിരോധ താരം മഷൂർ ഷരീഫിനെ പിൻവലിച്ച് നിധിൻ കൃഷ്ണനെ കളത്തിലിറക്കി.

ഇരു ടീമുകളും ശക്തമായി പൊരുതിയെങ്കിലും ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല.

46ാം മിനുട്ടിൽ ഗോകുലം അഭിജിത്തിനെ പിൻവലിച്ച് റിഷാദിനെ കളത്തിലിറക്കി. രഞ്ജീത് പാന്ദ്രയെ പിൻവലിച്ച് വി.പി സുഹൈറിനെയും ഗോകുലം കളത്തിലിറക്കി.

ഈ സമയത്ത് ലജോങ്ങും മാറ്റങ്ങൾ വരുത്തി ടീമിനെ ശക്തിപ്പെടുത്തു. രണ്ടാം പകുതിയിൽ ഒന്നുകൂടി ഉണർന്ന കളിച്ച ഗോകുലം എതിർ ഗോൾമുഖം നിരന്തരമായി വിറപ്പിച്ചുകൊണ്ടിരുന്നു.

76ാം മിനുട്ടിൽ ലജോങ് താരം ഫിഗോയുടെ തകർപ്പൻ ഷോട്ട് ഗോൾകീപ്പർ ഷിബിൻ രാജ് തട്ടികയറ്റിയതോടെ ഉറപ്പായിരുന്ന ഗോളിൽനിന്ന് ഗോകുലം രക്ഷപ്പെട്ടു.

രണ്ടാം പകുതിക്ക് ശേഷം റിഷാദിനും വി.പി സുഹൈറിനും ഗോളിലേക്ക് തുറന്ന അവസരങ്ങൾ ലഭിച്ചുവെങ്കിലും ലജോങ്ങിന്റെ സമ്മർദത്തിൽ ലക്ഷ്യം നഷ്ടപ്പെടുകയായിരുന്നു.

ഏറെ കാത്തിരുന്നെങ്കിലും നിശ്ചിത സമയത്തും ഗോൾ പിറന്നില്ല. ഏഴു മിനുട്ടായിരുന്നു അധികസമയം അനുവദിച്ചത്.

ഇഞ്ചുറി സമയത്ത് മാത്രം എട്ട് ഷോട്ടുകളായിരുന്നു ഗോകുലം എതിർ ഗോൾവല ലക്ഷ്യമാക്കി തൊടുത്തത്.

എന്നാൽ അതിൽ ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാതിരുന്നതോടെ മത്സരം ഗോൾ രഹിതമായി അവസാനിക്കുകയായിരുന്നു.

അഞ്ച് മത്സരത്തിൽനിന്ന് ആറു പോയിന്റുള്ള ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്താണിപ്പോൾ.

ലജോങ് അഞ്ചാം സ്ഥാനത്തുമുണ്ട്. 19ന് രാജസ്ഥാൻ എഫ്.സിക്കെതിരേ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മലബാറിയൻസിന്റെ അടുത്ത മത്സരം.

Leave A Reply

Your email address will not be published.