കോഴിക്കോട്: ലോകമെമ്പാടുമുള്ള അക്കാദമിക്, ഗവേഷണ, വ്യവസായ കമ്മ്യൂണിറ്റികളിൽ നിന്നുള്ള ആവേശകരമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് പ്രിസിഷൻ, മെസോ, മൈക്രോ, നാനോ എൻജിനീയറിങ് COPEN13 ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഡിസംബർ 15ന് എൻ. ഐ. ടി.യിൽ സമാപിച്ചു.
മൂന്ന് ദിവസങ്ങളിലായി ലോകമാകെയുള്ള അത്യാധുനിക ഗവേഷണങ്ങൾ ചർച്ച ചെയ്ത് അവതരിപ്പിച്ച 15 പ്രഭാഷണങ്ങൾ, 30 ലധികം സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ, വർക്ക് ഷോപ്പുകൾ എന്നിവ കോൺഫറൻസിൻ്റെ ഭാഗമായി നടന്നു.
വിവിധ പ്രമുഖ സ്ഥാപനങ്ങളായ എസ്എറ്റിഐഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് (STIMS), IIT ബോംബെ, IIT മദ്രാസ്, IIT ഹൈദരാബാദ്, IMTMA ബെംഗളൂരു, ഡിആർഡിഎൽ, NIT വാറങ്കൽ, അമൃത ഹോസ്പിറ്റൽ കൊച്ചി എന്നിവയുൾപ്പെടെയുള്ള ഫാക്കൽറ്റികളും പ്രൊഫഷണലുകളും പാനൽ ചർച്ചകളിൽ പങ്കെടുത്തു.
ചർച്ചകളിൽ, അക്കാദമിക്-വ്യവസായ സമന്വയം ഉറപ്പാക്കാൻ മാനുഫാക്ചറിംഗ് റെഡിനസ് ലെവലുകൾ (MRL), ടെക്നോളജി റെഡിനസ് ലെവലുകൾ (TRL) എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്ന അഭിപ്രായം ഉയർന്നു.
കോൺഫറൻസിന്റെ അവസാന ദിനമായ ഞായറാഴ്ച, 8 കീനോട്ടുകൾക്ക് പുറമെ, ബഹിരാകാശ നിർമ്മാണത്തിന്റെ വെല്ലുവിളികളെക്കുറിച്ച് തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി.
സമാന്തര സെഷനുകളിൽ, യുവ ഗവേഷകരുടെ 100 പോസ്റ്റർ അവതരണങ്ങളും 300-ലധികം ഓറൽ അവതരണങ്ങളും നടന്നു.
പ്രിസിഷൻ എഞ്ചിനീയറിംഗ് മേഖലയിലെ നൂതന ആശയങ്ങളും അത്യാധുനിക മുന്നേറ്റങ്ങളും പ്രദർശിപ്പിക്കപ്പെട്ടു.
COPEN13 ഏകദേശം 600 പ്രതിനിധികളുടെ സജീവ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ഡിസംബർ 16-ന് പോസ്റ്റ് കോൺഫറൻസ് ശിൽപശാലയും നടക്കും.