അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ്: മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഡിസംബര്‍ 21 ന് രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യും. കന്നുകാലി, മൃഗസംരക്ഷണ മേഖലകളുടെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വഫാമിങ്, പോള്‍ട്രി, അഗ്രിക്കള്‍ച്ചര്‍ മേഖലയിലെ സ്റ്റാളുകള്‍ ഒരുക്കും. പക്ഷി-മൃഗാദികളുടെ പ്രദര്‍ശനം, മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ വിവിധ ഏജന്‍സികളുടെയും സര്‍ക്കാര്‍ ഇതര സ്ഥാപങ്ങളുടെയും പ്രദര്‍ശന സ്റ്റാളുകള്‍ സജ്ജമാക്കും. കന്നുകാലി, ക്ഷീര കാര്‍ഷിക മേഖലയിലെ സാധ്യതകള്‍, വെല്ലുവിളികള്‍, വന്യജീവി ആക്രമണം തടയാന്നുള്ള സാധ്യതകള്‍, ക്ഷീര കാര്‍ഷിക മേഖലയിലെ സംരംഭകത്വ ശാക്തീകരണം, സമുദ്ര മത്സ്യബന്ധന മേഖല തുടങ്ങി വിവിധ വിഷയങ്ങള്‍ വിദഗ്ധര്‍ സെമിനാറുകള്‍ നയിക്കും. കര്‍ഷകര്‍ക്ക് കന്നുകാലി സംബന്ധമായ രോഗങ്ങള്‍, ചികിത്സ, മറ്റ് സംശയങ്ങള്‍ക്കായി തത്സമയ കണ്‍സല്‍ട്ടന്‍സി സൗകര്യവും ഒരുക്കുന്നുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവേശനം. ഡിസംബര്‍ 29 ന് അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് സമാപിക്കും. ടി. സിദ്ധിഖ് എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.എല്‍.എമാരായ കെ.എം സച്ചിന്‍ദേവ്, ഇ.കെ വിജയന്‍, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല ഡയറക്ടര്‍ ടി.എസ് രാജീവ്, വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് അനില്‍, ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ടി പ്രദീപ് കുമാര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
എം.എല്‍.എ ഫണ്ട് അനുവദിച്ചു
ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തി മാനന്തവാടി മെഡിക്കല്‍ കേളെജിന് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിന് 2.67 കോടി രൂപയുടെ ഭരണാനുമതി നല്‍കി.ടി.സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും കമ്പളക്കാട് ഗവ യു.പി സ്‌കൂളിലേക്ക് പ്രൊജക്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 4,99,536 രൂപയുടെ ഭരണാനുമതി നല്‍കി.ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി പൂതാടി ഗ്രാമപഞ്ചായത്തിലെ കേളമംഗലം-അല്ലിയാങ്കല്‍-കല്ലുവയല്‍ ഡിപ്പോ പ്രദേശത്ത് ഹാങിങ്ങ് ഫെന്‍സിങ് സ്ഥാപിക്കല്‍ 50,00,000 രൂപയുടെയും, നെന്മേനി ഗ്രാമപഞ്ചായത്തിലെ ചെറുമാട് പാടിയേരി-തവനി റോഡിന് കള്‍വര്‍ട്ട് നിര്‍മ്മാണത്തിന് 20,00,000 രൂപയുടെയും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ഈട്ടിക്കവല-കനല്‍വാടിവയല്‍ റോഡ് ടാറിങ്, കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് 19,27,744 രൂപയുടെയും ഭരണാനുമതി നല്‍കി.
കേസ് വര്‍ക്കര്‍: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു
വനിതാ ശിശു വികസന വകുപ്പ് സാമൂഹ്യ സേവന സംഘടനയായ ജ്വാലയുമായി സഹകരിച്ച് നടപ്പാക്കുന്ന കാവല്‍ പ്ലസ് പദ്ധതിയില്‍ കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബര്‍ 26 വരെ ദീര്‍ഘിപ്പിച്ചു. വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം, കുട്ടികളുടെ സംരക്ഷണ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ജ്വാല, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ., വയനാട്- 673122 വിലാസത്തില്‍ നേരിട്ടോ, തപാലായോ നല്‍കണം ഫോണ്‍: 04936 202098/206036
ഹാപ്പിനെസ്സ് സെന്റര്‍: പരിശീലനം നല്‍കി
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ‘ഹാപ്പിനെസ്സ് സെന്റര്‍’ പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി തയ്യാറാക്കുന്നത്. പ്രശ്‌നങ്ങളും പ്രതിസന്ധികളും അതിജീവിക്കാന്‍ സമൂഹത്തെ ശക്തിപ്പെടുത്തുക, കുടുംബങ്ങളുടെ ഉന്മേഷം വർദ്ധിപ്പിക്കുക, വ്യക്തികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതി ലക്ഷ്യം. പരിശീലനം ലഭിച്ച സി.ഡി.എസ്മാര്‍ മുഖേന ഓരോ വാര്‍ഡിലും 10 മുതല്‍ 40 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ ‘ഇട’ങ്ങള്‍ രൂപീകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ത്രിദിന പരിശീലനത്തില്‍ മുട്ടില്‍, പുല്‍പ്പള്ളി, തിരുനെല്ലി, അമ്പലവയല്‍, മൂപ്പൈനാട് മോഡല്‍ സി.ഡി.എസുകളിലെ 50 റിസോഴ്‌സ് പേര്‍സണ്‍മാര്‍ പങ്കെടുത്തു. പരിശീലന പരിപാടി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. അമീന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ആശ പോള്‍, കെ.ജെ ബിജോയ്, വി. ജയേഷ്, ഷുക്കൂര്‍, പ്രഭാകരന്‍, എം.എ പൗലോസ്, കെ.ജി ബീന, പി.സുജാത, അല്‍ഫോന്‍സാ സാന്ദ്ര മേരി എന്നിവര്‍ സംസാരിച്ചു.
ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി മാധ്യമ രംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുള്ള ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളം ആസ്ഥാനമായുള്ള മാധ്യമങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ് തുക. അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. സൂക്ഷ്മ വിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ഫെലോഷിപ്പ് നല്‍കില്ല. പട്ടികജാതി-പട്ടികവര്‍ഗ്ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്ക് മുന്‍ഗണന. പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്കുണ്ടാവണം. അപേക്ഷയും സിനോപ്സിസും 2025 ജനുവരി 20 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 682 030 വിലാസത്തില്‍ നല്‍കണം. അപേക്ഷാ ഫോം അക്കാദമി വെബ്സൈറ്റില്‍ www.keralamediaacademy.org ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422275.
വനിതാ കമ്മീഷന്‍ അദാലത്ത്
സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയുടെ അധ്യക്ഷതയില്‍ ഡിസംബര്‍ 21 ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിക്കുന്നു.
പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു
സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന സര്‍ഗോത്സവത്തിന്റെ ഭാഗമായി 10 പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികള്‍/ കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ കവറിന് മുകളില്‍ സര്‍ഗോത്സവം-2024 പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് എന്ന് രേഖപ്പെടുത്തണം. ടെന്‍ഡറുകള്‍ ഡിസംബര്‍ 21 ന് വൈകിട്ട് മൂന്നിനകം പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, പട്ടിക വര്‍ഗ്ഗ വികസന ഓഫീസ്, മാനന്തവാടി പി.ഒ, വയനാട് – 670645 വിലാസത്തില്‍ നല്‍കണം. ഫോണ്‍ – 04935 240210.
പരിശീലകരെ ആവശ്യമുണ്ട്
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഏഴ് മുതല്‍ 15 വയസ് വരെയുള്ള ആണ്‍/ പെണ്‍കുട്ടികള്‍ക്ക് ഫുട്‌ബോള്‍, ചെസ്സ് പരിശീലനം നല്‍കുന്നതിന് പരിശീലകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 27 ന് രാവിലെ 11 ന് കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 04936 286644.
കോളേജ് മാഗസിനുകള്‍ക്ക് മീഡിയ അക്കാദമി അവാര്‍ഡ്: എന്‍ട്രികള്‍ ജനുവരി 15 വരെ നല്‍കാം
കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് എന്‍ട്രികള്‍ ജനുവരി 15 വരെ നല്‍കാം. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡിന് എന്‍ട്രി നല്‍കാം. 2023-2024 അധ്യയന വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച മാഗസിനുകളാണ് പരിഗണിക്കുക. ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000 രൂപയും 10,000 രൂപയും ട്രോഫിയും ലഭിക്കും. താത്പര്യമുള്ളവര്‍ മാഗസിന്റെ അഞ്ച് പകര്‍പ്പുകള്‍, പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ അടങ്ങിയ അപേക്ഷ ജനുവരി 15 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 വിലാസത്തിലോ ഇ-മാഗസിനുകള്‍ [email protected] ലോ നല്‍കണം. ഫോണ്‍: 0484-2422068, 0471-2726275.
കാപ്പിത്തൈ വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് അത്യുല്‍പാദന ശേഷിയുള്ള കാപ്പി തൈകള്‍ വിതരണം ചെയ്യും. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ ഡിസംബര്‍ 22 നകം ഗ്രാമപഞ്ചായത്ത് മെമ്പര്‍, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍, എ.ഡി.എസ് ഭാരവാഹികള്‍ എന്നിവരുടെ കൈവശം അപേക്ഷ, നികുതി രശീതിന്റെ പകര്‍പ്പ് എന്നിവ നല്‍കണം.
വൈദ്യുതി മുടങ്ങും
പനമരം കെ.എസ്.ഇ.ബി പരിധിയിലെ പനമരം പാലം, ക്രെസെന്റ് സ്‌കൂള്‍, മൂലക്കര ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (ഡിസംബര്‍ 20) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ദുരന്ത ബാധിതർക്ക് കളക്ടറെ കാണാം
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായവരിൽ അർഹമായ ഏതെങ്കിലും സഹായം ലഭിക്കാത്തവർക്ക് ജില്ലാ കളക്റ്റർ ഡി.ആർ മേഘ ശ്രീയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയിലാണ് ആവശ്യമായ രേഖകൾ സഹിതം കളക്റ്ററെ കാണേണ്ടത്. കളക്ട്രേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ സ്പെഷ്യൽ ഓഫീസിലും പരാതി നൽകാം.