കൺസ്യൂമർഫെഡ്ക്രിസ്തുമസ് പുതുവത്സരച്ചന്തകൾക്ക് നാളെ തുടക്കമാകും

0

കോഴിക്കോട് : കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണികളുടെ ജില്ലാതല ഉദ്ഘാടനം മുതലക്കുളം ത്രിവേണി അങ്കണത്തിൽ 23.12.24 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ശ്രീ. തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ നിർവ്വഹിക്കും.

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ശ്രീമതി. ഷീജ ആദ്യവില്പനയും നിർവ്വഹിക്കും.

വിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ക്രിസ്തുമസ് – പുതുവൽസരച്ചന്തകൾ ഡിസംബർ 23 ന് ആരംഭിച്ച് ജനുവരി 1 വരെ 10 ദിവസം നീണ്ട് നിൽക്കും.

കോഴിക്കോട് ജില്ലയിലെ 13 ത്രിവേണി സൂപ്പർ മാർക്കറ്റുകളോ ടനുബന്ധിച്ചാണ് ക്രിസ്തുമസ് – പുതുവത്സര വിപണികൾ ആരംഭിക്കുന്നത്.

ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും.

കേരളത്തിലെ വിവിധ സഹകരണസംഘങ്ങൾ കേരകർഷകരിൽ നിന്നും നേരിട്ട് കൊപ്രശേഖരിച്ച് ഉല്പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണകളാണ് ഈ വിപണികളിലൂടെ ജനങ്ങളിലേക്കെത്തുന്നത്.

ദിനേശ്, റെയ്ഡ്കോ , മിൽമ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും പ്രത്യേകം വിലക്കുറവിൽ വിപണികളിൽ ലഭിക്കും.

അതോടൊപ്പം നോൺ-സബ്സിഡി ഇനങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.

പ്രമുഖ ബ്രാന്റ് കമ്പനികളുടെ FMCG ഉല്പന്നങ്ങളും ഓഫർ വിലകളിൽ ലഭ്യമാകും. ത്രിവേണി ബ്രാന്റിൽ കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറ ക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവയും ബിരിയാണി അരി, വെല്ലം , ഡാൽഡ, സേമിയ,എന്നിവയും പ്രത്യേകം വിലക്കുറവിൽ വിപണിയിലൂടെ ലഭ്യമാകും.

നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള പ്രത്യേക ഏജൻസി മുഖേനെ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് ക്രിസ്മസ് – പുതുവത്സര വിപണനത്തിന് എത്തിച്ചിട്ടുള്ളതെന്ന് കൺസ്യൂമർഫെഡ് റീജണൽ മാനേജർ പി.കെ. അനിൽകുമാർ അറിയിച്ചു.

ത്രിവേണികളിലൂടെ ഒരു ദിവസം 75 പേർക്കാണ് നിത്യോപയോഗസാധനങ്ങൾ വിപണികളിൽ നിന്നും ലഭ്യമാകുക.

ജില്ലാ ചന്തയിൽ ഒരു ദിവസം 300 പേർക്ക് സാധനങ്ങൾ ലഭിക്കും. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും.

റേഷൻ കാർഡ് മുഖേനെ നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ത്രിവേണികളിലൂടെ ചില പ്രത്യേക ഉപ്പന്നങ്ങൾ പർച്ചേഴ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് സമ്മാന കൂപ്പണുകളും ലഭ്യമാകും.

ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ തുടങ്ങി നിരവധി സമ്മാനങ്ങൾ സമ്മാനക്കൂപ്പണുകളിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.

വിലക്കയറ്റം പിടിച്ച് നിർത്താനുള്ള സഹകരണമേഖലയുടെ വിപണിയിടപെ ടലായി ക്രിസ്മസ് – പുതുവത്സരച്ചന്തകൾ മാറും.

ഇത് വഴി വിപണിയിലുണ്ടാകുന്ന കൃത്രിമ വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയുകയും ചെയ്യും.

Leave A Reply

Your email address will not be published.