- പ്രിയദർശിനി സൗജന്യ പദ്ധതിയല്ല പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി
- ബസുകൾ വാടകക്ക് ഏറ്റെടുത്ത് ഓടിക്കാൻ കെഎസ്ആർടിസി തയാർ
തിരുവനന്തപുരം: സ്വകാര്യ ബസ് മേഖല തകരാതെ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്ഗതാഗത മന്ത്രി സി.പി ജോൺ. സ്വകാര്യ ബസ് ഉടമകളെ പെരുവഴിയിലിറക്കിവിടുന്ന സമീപനം സർക്കാരിനില്ലെന്നും നിയമസഭയിൽ എൻ.കെ അക്ബറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി തുടങ്ങിയപ്പോഴല്ല സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായത്. കോവിഡ് കാലം മുതലേ പ്രതിസന്ധിയുണ്ട്. 19,000 ബസുകളുണ്ടായിരുന്നത് 13,000 ആയി കുറഞ്ഞത് അക്കാലം മുതലാണ്. അന്നത്തെ പ്രശ്നം ടാക്സ് ആയിരുന്നു. അത് ഈ സർക്കാർ വന്നപ്പോൾ 50 ശതമാനമായി കുറച്ചു കൊടുത്തുവെന്നും പരസ്പരം മൽസരിച്ച് നശിപ്പിക്കേണ്ടതല്ല കേരളത്തിലെ പൊതുഗതാഗത സംവിധാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസി ബസ് സർവീസുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രമാണ് സ്വകാര്യ ബസുകൾക്ക് നിലവിൽ പ്രതിസന്ധിയുള്ളത്. മറ്റ് സ്ഥലങ്ങളിൽ ഒരു പ്രശ്നവുമില്ല. സ്ത്രീ യാത്രക്കാർ പ്രിയദർശിനിയെ ആശ്രയിക്കുന്നത് പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലയിലും നേരിട്ടെത്തി സ്വകാര്യ ബസ് മേഖലയുടെ പ്രതിസന്ധി പഠിച്ചാണ് പത്മകുമാർ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്. അത് നടപ്പാക്കുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. കിലോമീറ്ററിന് ഒരു നിശ്ചിത നിരക്ക് നൽകി സ്വകാര്യ ബസുകൾ വാടകക്ക് (വെറ്റ് ലീസ്) ഏറ്റെടുത്ത് സർവീസ് നടത്താൻ കെഎസ്ആർടിസി തയാറാണ്. കെഎസ്ആർടിസിയിൽ നിന്ന് പണം സമയത്തിന് കിട്ടില്ലെന്ന ആശങ്ക ചിലർക്കുണ്ട്. അക്കാര്യത്തിൽ ഉത്കണ്ഠ വേണ്ട. സ്വകാര്യ ബസ് മേഖലയെ കൂടി ഉൾക്കൊണ്ടാൽ മാത്രമേ സംസ്ഥാനത്തിന്റെ പൊതുഗതാഗത സംവിധാനം കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.

