പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ സംസ്ഥാനത്തെ 22 മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെയും 118 പ്രീ-പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി മാറ്റുരയ്ക്കുന്നതിനായുള്ള സര്‍ഗോത്സവം 2024 സംസ്ഥാനതല സ്‌കൂള്‍ കലോത്സവത്തിന് ജില്ല ആതിഥ്യം വഹിക്കും.
മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെ അരങ്ങേറുന്ന എട്ടാമത് സര്‍ഗോത്സവം 27 ന് വൈകിട്ട് അഞ്ചിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജില്ല കലാമാമാങ്കത്തിന് വേദിയാകുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍വിവിധ ജില്ലകളില്‍ നിന്നുള്ള 1600 ഓളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.
കലോൽസവത്തിൻ്റെ വിജയത്തിന് എല്ലാവരുടേയും പിന്തുണ ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
മേള നഗരിയില്‍ എക്‌സൈസ് വകുപ്പിന്റെ ജീവിതമാണ് ലഹരി എന്ന സന്ദേശത്തോടെയുള്ള പോസ്റ്റര്‍ പ്രദര്‍ശനവും വിമുക്തി പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.
മത്സരങ്ങള്‍ ആസ്വദിക്കാന്‍ പൊതുജനങ്ങള്‍ക്കും കലാസ്വാദകര്‍ക്കും കലോത്സവ വേദികളിലെത്താം.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ കലാമേളയില്‍ പങ്കെടുക്കും.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ഘോഷയാത്ര, കണിയാമ്പറ്റ എം.ആര്‍.എസ് വിദ്യാര്‍ഥികളുടെ സ്വാഗത സംഗീത ശില്‍പം എന്നിവ അരങ്ങേറും.
ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനാകും. എം.പി പ്രിയങ്കാ ഗാന്ധി മുഖ്യപ്രഭാഷണവും എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, അഡ്വ. ടി സിദ്ദിഖ് എന്നിവര്‍ മുഖ്യാതിഥികളുമാവും.
പദ്മശ്രീ ചെറുവയല്‍ രാമന്‍ വിശിഷ്ടാതിഥിയായി പരിപാടിയില്‍ പങ്കെടുക്കും. സര്‍ഗോത്സവം സമാപന സമ്മേളനം ഡിസംബര്‍ 29 വൈകിട്ട് നാലിന്് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും.
പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാവും. സര്‍ഗോത്സവം സംസ്ഥാനതല കലാമേളയുമായി ബന്ധപ്പെട്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ മാനന്തവാടി പ്രസ്‌ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാല്‍, ഐ.റ്റി.ടി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമേദ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍മാരായ ബി.സി അയ്യപ്പന്‍, എ. മജീദ് എന്നിവര്‍ പങ്കെടുത്തു.
അഞ്ച് സ്റ്റേജുകളിലായി 31 ഇന മത്സരങ്ങള്‍
മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സര്‍ഗോത്സവത്തില്‍ 31 ഇന മത്സരങ്ങള്‍ അരങ്ങേറും. ഗദ്ദിക,തുടി, കനലി, പഞ്ചിത്താള്, പനച്ചകം എന്നീ അഞ്ച് സ്‌റ്റേജുകളിലായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന പരമ്പരാഗത ഗോത്രനൃത്തം-ഗോത്ര ഗാനങ്ങള്‍, നാടകം, സംഘനൃത്തം, നാടോടിനൃത്തം, മിമിക്രി, ലളിതഗാനം, പ്രസംഗം, സംഘഗാനം, സ്റ്റേജിതര മത്സരങ്ങള്‍ ഉള്‍പ്പടെ 31 ഇനങ്ങളിലാണ് മത്സരം നടക്കുക. കലാമേളയിലെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.