വയനാട് ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകൾ

0

ഡിസ്ട്രിക്റ്റ് കളക്ടേഴ്സ് ട്രോഫി ജനുവരി ആറിന്, രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂളിനെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഐക്യൂഎ ക്വിസ്സിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജനുവരി ആറിന് രാവിലെ 9.30 മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് അക്കാദമി സ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ ജില്ലയിലെ എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് പേരടങ്ങുന്ന ടീമുകളായി പങ്കെടുക്കാം. www.iqa.asia പോര്‍ട്ടലിലൂടെ ഐക്യൂഎ ഏഷ്യയില്‍ ക്വിസ് പ്ലെയര്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. ഒരു സ്‌കൂളില്‍ നിന്നും പരമാവധി അഞ്ച് ടീമുകള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് ജില്ലയിലെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂളിനുള്ള ഡിസ്ട്രിക്ട് കളക്‌റ്റേഴ്സ് ട്രോഫി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ സമ്മാനിക്കും. ക്വിസ്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ മുഖ്യ രക്ഷാധികാരിയായി ഐക്യുഎ വയനാട് ജില്ലാ ചാപ്റ്ററും ജില്ലാ ചാമ്പ്യന്‍ഷിപ് സംഘാടക സമിതിയും രൂപീകരിച്ചു. ജില്ലാ ചാമ്പ്യന്മാര്‍ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി [email protected] സന്ദര്‍ശിക്കാം. ഫോണ്‍- 7907635399.

ധ്രുവ സാമൂഹിക പ്രതിബദ്ധതാ ക്യാമ്പയിന്‍ സമാപിച്ചു

കുടുംബശ്രീയുടെ നേതൃത്വത്തില്‍ സഹായത്തോടെ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സിഎസ്ആര്‍ ധനസഹായത്തോടെ തിരുനെല്ലി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലെ ഗോത്ര സമഗ്ര വികസന പദ്ധതിയിലെ ബാലസഭകളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികള്‍ക്കായി സംഘടിപ്പിച്ച ധ്രുവ സാമൂഹിക പ്രതിബദ്ധതാ ക്യാമ്പയിന്‍ സമാപിച്ചു. 12 ദിവസങ്ങലിലായി സംഘടിപ്പിച്ച ക്യാമ്പയിനില്‍ ബന്ധപ്പെട്ട പഞ്ചായത്തുകളിലെ 104 കുട്ടികളാണ് പങ്കെടുത്തത്. ജീവിത നൈപുണി വികസനത്തിലൂടെ കൗമാരക്കാരില്‍ വിദ്യാഭ്യാസ ചിന്ത, കായിക പ്രതിരോധ ശേഷി, ആത്മധൈര്യം, ലക്ഷ്യബോധം വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ധ്രുവ പദ്ധതിയുടെ സമാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. എ.ഡി.എം.സി എ റജീന, ട്രൈബല്‍ സ്‌പെഷ്യല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

വനവിഭവ ശേഖരണം സുസ്ഥിരമായ ഉപയോഗം ശില്‍പശാല സംഘടിപ്പിച്ചു

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍, വൈദ്യന്‍മാര്‍ എന്നിവര്‍ക്ക് വനവിഭവ ശേഖരണം- സുസ്ഥിരമായ ഉപയോഗം എന്ന വിഷയത്തില്‍ ശില്‍പശാലയുടെ സംഘടിപ്പിച്ചു. ശില്‍പശാല സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എന്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഔഷധസസ്യ കൃഷി, വിപണനം, വന്യമൃഗങ്ങള്‍ ഭക്ഷിക്കാത്ത ഔഷധസസ്യങ്ങളുടെ കൃഷി രീതി, സുസ്ഥിര ഉപയോഗ സാധ്യതകള്‍ സംബന്ധിച്ച് ഡോ. കെ.സി ചാക്കോ, ഡോ. പി.എസ് ഉദയന്‍, നിഖില എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വന്യമൃഗങ്ങള്‍ ഭക്ഷിക്കാത്ത 10 ഔഷധസസ്യങ്ങള്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നട്ടുവളര്‍ത്താനും അവയുടെ പരിപാലനത്തിന് പഞ്ചായത്ത് ബിഎംസി, കര്‍ഷകര്‍, തൊഴിലുറപ്പ് എന്നിവയുടെ സംയുക്ത സഹായം ഉറപ്പാക്കുന്നത് സംബന്ധിച്ചും ശില്‍പശാല ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായ പരിപാടിയില്‍ സെക്രട്ടറി കെ.എ ജയസുധ, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പി.എസ്.ഒ ഡോ. സി.എസ് വിമല്‍ കുമാര്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍ ശ്രീരാജ്, ബിഎംസി കണ്‍വീനര്‍, വാര്‍ഡ് അംഗങ്ങള്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

സങ്കല്‍പ് പദ്ധതിയില്‍ സീറ്റ് ഒഴിവ്

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സങ്കല്‍പ് പദ്ധതിയില്‍ സീറ്റ് ഒഴിവ്. പത്താംക്ലാസ് വിജയിച്ചവര്‍ക്കുള്ള അസിസ്റ്റന്റ് ഇലക്ട്രീഷന്‍ ലെവല്‍ 3, പ്ലസ് വണ്‍ വിജയിച്ചവര്‍ക്ക് എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4 പരിശീലനങ്ങളാണ് സങ്കല്‍പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. തിരഞ്ഞെടുക്കുന്നവരുടെ പരിശീലന തുക സര്‍ക്കാര്‍ വഹിക്കും. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ഇന്ന് (ഡിസംബര്‍ 31) വൈകിട്ട് അഞ്ചിനകം സ്ഥാപനത്തില്‍ നേരിട്ട് എത്തണം. ഫോണ്‍-8078980000

ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകള്‍ സമാപിച്ചു

ഹോം ഓട്ടമേഷനിലെ ഐഒടി സാധ്യതകളും ത്രീഡി ആനിമേഷന്‍ നിര്‍മ്മാണം സാധ്യതകളും പരിചയപ്പെടുത്തിയുള്ള ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പ് സമാപിച്ചു. ജില്ലയിലെ 68 യൂണിറ്റുകളില്‍ നിന്നും ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും അനിമേഷന്‍ പ്രോഗ്രാമിങ് വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 52 കുട്ടികള്‍ കൈറ്റ് ജില്ലാ ഓഫീസിലും പനമരം ഗവ ഹ.ര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തു. വീടുകളിലെ സുരക്ഷാ സംവിധാനം ഐഒടി സാധ്യതകളിലൂടെ സാധ്യമാക്കാനുള്ള പ്രോട്ടോടൈപ്പുകള്‍ തയ്യാറാക്കലാണ് ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിങ് വിഭാഗം കുട്ടികള്‍ പൂര്‍ത്തീകരിച്ചത്. വീടുകളിലെ ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിയന്ത്രണം, പാചകവാതക ചോര്‍ച്ച, തീപിടുത്തം എന്നിവ കണ്ടെത്തി നിയന്ത്രിക്കാനുള്ള മൊബൈല്‍ ആപ്പുകള്‍ ക്യാമ്പംഗങ്ങള്‍ തയ്യാറാക്കി. പൊതു വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നല്‍കിയ റോബോട്ടിക് കിറ്റുകള്‍ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ബ്ലെന്‍ഡര്‍ പ്രയോജനപ്പെടുത്തിയുള്ള ത്രിഡി അനിമേഷന്‍ നിര്‍മ്മാണമായിരുന്നു ജില്ലാ ക്യാമ്പില്‍ അനിമേഷന്‍ വിഭാഗക്കാരുടെ പ്രവര്‍ത്തനം. അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ടെക്‌സചറിങ്ങ് സ്‌കള്‍പ്‌റിങ്, റിഗ്ഗിങ്, തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കിയതിന് ശേഷമാണ് കുട്ടികള്‍ സ്വന്തമായി അനിമേഷന്‍ സിനിമ തയ്യാറാക്കയത്. ക്യാമ്പില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നാല് കുട്ടികളെ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ക്യാമ്പിന്റെ സമാപന പരിപാടിയില്‍ കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് ഓണ്‍ലൈനായി പങ്കെടുത്തു.

വലിച്ചെറിയല്‍ വിരുദ്ധ വാരം സംഘടിപ്പിക്കുന്നു

ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പുതുവര്‍ഷത്തില്‍ വലിച്ചെറിയല്‍ വിരുദ്ധ വാരം പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തുന്നു. തദ്ദേശസ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, നവ കേരളം മിഷന്‍, കുടുംബശ്രീ മിഷന്‍, കെ.എസ്.ഡബ്ല്യൂ.എം.പി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി ഒന്ന് മുതല്‍ ഏഴ് വരെയാണ് വലിച്ചെറിയല്‍ വിരുദ്ധ വാരം നടത്തുന്നത്. ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനത്തിലൂടെ പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയല്‍ പ്രതിരോധിക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം. മാലിന്യ ശേഖരണ സംവിധാനങ്ങളോട് സഹകരിക്കാത്ത വീടുകള്‍, സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണ രീതിയുടെ സര്‍വ്വെ നടത്തും. വലിച്ചെറിയല്‍ മുക്തവാരവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ സ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും നിര്‍വഹണ സമിതി യോഗം രൂപികരിക്കും. തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലെ മുഴുവന്‍ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കി പൊതുയിടം വൃത്തിയായി സൂക്ഷിക്കും. പാഴ് വസ്തുക്കള്‍ സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തും. ജാഥകള്‍, സമ്മേളനങ്ങള്‍, ഉത്സവം തുടങ്ങിയ പൊതുപരിപരിപാടികളുടെ ഭാഗമായി കൊടിതോരണങ്ങള്‍, നോട്ടിസുകള്‍, കുടിവെള്ള കുപ്പികള്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയരുത്.

ക്യാമ്പയിന്‍ ലക്ഷ്യങ്ങള്‍

1. മാലിന്യം കണ്ടെത്തുന്ന പ്രദേശത്ത് ഉറവിടം കണ്ടെത്തി തടയാനുള്ള നടപടി സ്വീകരിക്കും. വിനോദ സഞ്ചരികള്‍ വലിച്ചെറിയുന്ന മാലിന്യം തടയുന്നതിന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

2. തദ്ദേശ സ്ഥാപനങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ അനധികൃത ഗ്രൂപ്പുകള്‍ അല്ലെങ്കില്‍ ഏജന്‍സികള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ റോഡില്‍ നിക്ഷേപിക്കരുത്.

3 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ജാഥകള്‍, പൊതുപരിപാടികളില്‍ രൂപപ്പെടുന്ന മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കും.4 ക്യാമ്പയിനുലൂടെ സൗന്ദര്യവത്കരിക്കുന്ന പ്രദേശങ്ങളുടെ സംരക്ഷണം ജനകീയസമിതി ഉറപ്പാക്കും.

5 പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സായാഹ്ന സൗഹൃദ ഇടങ്ങള്‍ രൂപീകരിക്കും.

6 വാര്‍ഡ് തല നിര്‍വഹണ സമിതിയുടെ നേതൃത്വത്തില്‍ സഹകരിക്കാത്ത വീടുകളിലും സ്ഥാപനങ്ങളിലും ഇടപെടല്‍ നടത്തും.

സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം

സംസ്ഥാന ജല അതോറിറ്റി പ്രതിമാസം പതിനഞ്ചായിരം ലിറ്ററില്‍ താഴെ ഉപഭോഗമുള്ള ബി.പി.എല്‍ ഉപഭോക്താക്കളില്‍ നിന്നും കുടിവെള്ള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കള്‍, പുതുതായി ആനുകൂല്യം ലഭിക്കേണ്ടവര്‍ http://bplapp.kwa.kerala.gov.in ല്‍ അപേക്ഷ നല്‍കണം. ജനുവരി ഒന്ന് മുതല്‍ 31 വരെ വാട്ടര്‍ അതോറിറ്റിയിലോ, സെക്ഷന്‍ ഓഫീസുകളിലോ, ഓണ്‍ലൈന്‍ മുഖേനയോ അപേക്ഷിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വെബ്സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കും. ജനുവരി 31 നകം പ്രവര്‍ത്തനരഹിതമായ വാട്ടര്‍മീറ്റര്‍ മാറ്റി സ്ഥാപിക്കുകയും കുടിവെള്ള ചാര്‍ജ് കുടിശ്ശിക തീര്‍പ്പാക്കുകയും ചെയ്യണം. ഉടമസ്ഥന്‍ മരണപ്പെട്ടവര്‍ ഉടമസ്ഥാവകാശം മാറ്റിയാല്‍ മാത്രമെ ആനുകൂല്യം ലഭിക്കുകയുള്ളവെന്നും അധികൃതര്‍ അറിയിച്ചു.

എം.എല്‍.എ ഫണ്ട്: ഭരണാനുമതി ലഭിച്ചു

ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മൊണ്ണഞ്ചേരി -എടത്തില്‍പ്പടി റോഡ് ടാറിങ് പ്രവൃത്തിക്ക് പതിനഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.ടി. സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി തരിയോട് ഗ്രാമപഞ്ചായത്തിലെ കാപ്പുവയല്‍-തുറുവേലികുന്ന് നടപ്പാത കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് നാല് ലക്ഷം രൂപയുടെയും ചോമ്പാലപ്പടി റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് നാല് ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.

കൂടിക്കാഴ്ച

ചീരാല്‍ എഫ്.എച്ച്.സി പരിധിയിലെ വാര്‍ഡ് 14, ചുള്ളിയോട് പി.എച്ച്.സി പരിധിയിലെ 3, 23 വാര്‍ഡുകളില്‍ ഒഴിവുള്ള ആശാവര്‍ക്കര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് (ഡിസംബര്‍ 31) രാവിലെ 11 ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 04936 262216 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ക്വട്ടേഷന്‍ ക്ഷണിച്ചു

പനമരം ശിശു വികസന പദ്ധതിക്ക് കീഴിലെ എട്ട് അങ്കണവാടികളില്‍ ഓഡിയോ വിഷ്വല്‍ എഡ്സ്, അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പനമരം ഐ.സി.ഡി.എസ് ഓഫീസില്‍ ജനുവരി നാലിന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. ഫോണ്‍: 9446253635.

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ഐസിഡി എസ് പ്രോജക്ടിലെ 74 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 14 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍ – 04935 240754

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആലഞ്ചേരി , മാങ്ങോട് ,മയിലാടുംകുന്ന് പ്രദേശങ്ങളിലും കുഴിപ്പില്‍ കവല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഗതാഗതനിയന്ത്രണം

അമ്പുകുത്തി കരടിപ്പാറ കോട്ടൂര്‍ റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കരടിപ്പാറ മതല്‍ കല്ലേരി വരെ രണ്ടുമാസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള 65 അങ്കണവാടികളിലേക്ക് നെയിംബോര്‍ഡ് നിര്‍മ്മിച്ച് ഘടിപ്പിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ജനുവരി 7 ഉച്ചയ്ക്ക 2 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍ 04936 207014

Leave A Reply

Your email address will not be published.