During the match played between and Kannur Warriors FC and Calicut FC in the Super League Kerala 2025, held at Jawahar Municipal Stadium, Kannur on November 28th, 2025 Photos: Shibu Preman / S3 Media / Super League Kerala
കണ്ണൂര്‍: മനോഹരമായ കളിയുടെ ലളിതമായ സന്തോഷത്തിനപ്പുറം ഫുട്ബോള്‍ ഒരു ആഴത്തിലുള്ള സംസ്കാരമാണ്. പ്രിയപ്പെട്ട ക്ലബിന്റെ ഇഷ്ട താരങ്ങള്‍ക്കൊപ്പം നില്ക്കാന് സാധിക്കുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നിനും നല്കാന് സാധിക്കില്ല. ഫുട്ബോളില്‍ അപൂര്‍വമായി ലഭിക്കുന്ന അവസരത്തില്‍ കണ്ണൂര്‍ തോട്ടടയിലെ ആശ്രയം സ്പെഷല്‍ സ്കൂളിലെ ആറ് വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും കാലിക്കറ്റ് എഫ്സിയും തമ്മിലുള്ള മത്സരത്തില്‍ അതിഥിയായി എത്തി.
ടീം വാംഅപ്പ് ചെയ്യുന്നതിന് മുമ്പ് ഗ്രൗണ്ടിലേക്ക് എത്തിയ കുട്ടികള്‍ കണ്ണൂര്‍ വാരിയേഴ്സ്, കാലിക്കറ്റ് എഫ്സി താരങ്ങളോടും പരിശീലകരോടും സംസാരിച്ചു. കൂടെ നിന്ന് ഫോട്ടോയും എടുത്തു. സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ആവസാന ഹോം മത്സരമായിരുന്നു വെള്ളിയാഴ്ച നടന്നത്.
കണ്ണൂര്‍ വാരിയേഴ്സിന്റെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ് ആണ് ഈ ആപൂര്‍വ്വ നിമിഷത്തിന് വഴി ഒരുക്കിയത്. ഫുട്ബോള്‍ എല്ലാവരും ഇഷ്ടപ്പെടാനുള്ള കാരണം ഗ്രൗണ്ടിന് അകത്തും പുറത്തും എല്ലാവരും തുല്ല്യരാണ് എന്നത് കൊണ്ടാണ്. നമ്മള് ഓരോരുത്തരെയും പോലെ അവര്‍ക്കു ഫുട്ബോള്‍ സ്റ്റേഡയത്തില്‍ വന്ന ആസ്വദിക്കാന്‍ ആഗ്രഹമുണ്ടാകും അതിനുള്ള വഴി ഒരുക്കുക മാത്രമാണ് റെഡ് മറൈനേഴ്സ് ചെയ്തത് എന്ന് ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്സ് പറഞ്ഞു.
കളിക്കാരുടെ കൈകള്‍ കോര്‍ത്ത് പിടിച്ച് മൈതാനത്ത് ഇഷ്ട താരങ്ങളുടെ അരികില്‍ നില്‍ക്കുമെന്നത് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് വിദ്യാര്‍ത്ഥി സഞ്ജയ് പറഞ്ഞു. കണ്ണൂര്‍ വാരിയേഴ്സ് താരം മുഹമ്മദ് സിനാന്റെ ആരാധകനായ സഞ്ജയിയും അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളും കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ കുടുംബത്തോടൊപ്പം നേരത്തെ എത്തിയിരുന്നു. കുടുംബത്തോടൊപ്പം മത്സരവും കണ്ടതിന് ശേഷമാണ് വീട്ടിലേക്ക് പോയത്.

