കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നിലവിലുണ്ടായിരുന്ന കാന്റീൻ അടച്ചു പൂട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു.
കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നിലവിലുണ്ടായിരുന്ന കാന്റീൻ അടച്ചു പൂട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു. 3000 ത്തോളം ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസ് സമുച്ചയത്തിൽ ഒരു കാന്റീൻ ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. നന്നായി പ്രവർത്തിച്ചിരുന്ന മൂന്നു കാന്റീനുകൾ അടച്ചുപൂട്ടിയാണ് കുടുംബശ്രീയെ കാന്റീൻ നടത്തിപ്പ് ഏൽപ്പിച്ചത്.
എന്നാൽ കാന്റീനിൽ നിന്നും മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ പരാതിയെ തുടർന്നാണ് കാന്റീൻ അടച്ചുപൂട്ടിയത്. പ്രശ്നം പരിഹരിച്ച് കാന്റീൻ പ്രവർത്തനം പുനരാരംഭിക്കാൻ ഇന്നേവരെ നടപടിയായിട്ടില്ല. ജില്ലാ ഭരണകൂടം അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് സിവിൽ സ്റ്റേഷനിലെ കാന്റീൻ പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൗൺസിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം യു കബീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ മനോജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ജയപ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗം ടി എം സജീന്ദ്രൻ, ടി രത്നദാസ്, ടി അബ്ദുൽ ജലീൽ, കെ മുഹമ്മദ് നിസാർ, കെ ഷിജു, എം ചിത്ര, കെ പ്രമീള എന്നിവർ സംസാരിച്ചു.