ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്പോള്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി അപകട സാധ്യത തടയണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുതീകരണം ആവശ്യമുണ്ടെങ്കില്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ മുഖേന ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നും അനുമതി നേടണം.
അലങ്കാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കണം.
വഴിയോരങ്ങളിലും ഓണ്‍ലൈന്‍ വില്‍പനക്കാരിലും നിന്നും വിലക്കുറവില്‍ ലഭിക്കുന്ന സാമഗ്രികള്‍ അപകടത്തിന് കാരണമാകും.
ദീപാലങ്കാരത്തിനായി മെയിന്‍ സ്വിച്ചില്‍ നിന്നും നേരിട്ട് വൈദ്യുതി എടുക്കരുത്. താത്ക്കാലിക ആവശ്യത്തിനായി എടുക്കുന്ന കണക്ഷനില്‍ ആര്‍.സി.സി.ബി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വൈദ്യുതലങ്കാര സര്‍ക്യൂട്ടിലും പ്രവര്‍ത്തനക്ഷമമായതും 30 എം.എ സെന്‍സിറ്റിവിറ്റിയുള്ള ആര്‍.സി.സി.ബി ഉറപ്പാക്കണം. കൂടുതല്‍ സര്‍ക്യൂട്ടുകളുണ്ടെങ്കില്‍ ഓരോന്നിനും ഓരോ ആര്‍.സി.സി.ബി നല്‍കണം.
ഐ.എസ്.ഐ മുദ്രയുള്ള വയറുകള്‍ / ഉപകരണങ്ങള്‍ ഉപയോഗിക്കണം. വയറുകളില്‍ പൊട്ടലും, കേടുപാടുകളുമില്ലെന്ന് ഉറപ്പാക്കണം.
ഔട്ട്‌ഡോര്‍ ദീപാലങ്കരത്തിനെന്ന് അടയാളപ്പെടുത്തിയ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കണം. സോക്കറ്റുകളില്‍ നിന്ന് വൈദ്യുതിക്ക് അനുയോജ്യമായ പ്ലഗ് ടോപ്പുകള്‍ ഉപയോഗിക്കണം.
സിംഗിള്‍ ഫേസ് സപ്ലൈ എടുക്കുന്നതിന് ത്രീ കോര്‍ ഡബിള്‍ ഇന്‍സുലേറ്റഡ് വയര്‍ ഉപയോഗിക്കുകയും മൂന്നാമത്തെ വയര്‍ എര്‍ത്ത് കണ്ടക്ടറായി ഉപയോഗിക്കണം.
കൈയ്യെത്തും ഉയരത്തില്‍ ഉപകരണങ്ങള്‍, വയറുകകളില്ലെന്ന് ഉറപ്പാക്കണം. ജനല്‍, വാതില്‍, മറ്റ് ലോഹ ഭാഗങ്ങളില്‍ തട്ടുകയോ, കുരുങ്ങുകയോ ചെയ്യും വിധത്തില്‍ വൈദ്യുതലങ്കാരം ചെയ്യരുത്.
ഫേസില്‍ അനുയോജ്യമായ ഫ്യൂസ് /എം.സി.ബിയുണ്ടന്നുറപ്പാക്കണം. ഫ്യൂസ് പോവുകയോ എം.സി.ബി/ആര്‍.സി.സി.ബി ട്രിപ്പാവുകയോ ചെയ്താല്‍ പരിഹരിച്ച ശേഷം വീണ്ടും ചാര്‍ജ് ചെയ്യുക.
എര്‍ത്തിങ് സംവിധാനത്തിന്റെ പരിരക്ഷ ഉറപ്പാക്കണം. മറ്റുള്ളവരുടെ സ്ഥലങ്ങളിലോ, പൊതു ഇടങ്ങളിലോ അനുവാദമില്ലാതെ ദീപാലങ്കാരം നടത്തരുത്.
ഒരാള്‍ മാത്രമുള്ള സമയങ്ങളില്‍ വൈദ്യുതി ഉപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ ചെയ്യരുത്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് കരുതലോടെ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.