നോര്‍ക്ക റൂട്ട്‌സ് – ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം നാളെ

0

നോര്‍ക്ക റൂട്ട്‌സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബര്‍ 18ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കും.

രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദേശം നല്‍കും. കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഉദ്ഘാടനം ചെയ്യും.

നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി എന്നിവര്‍ സംസാരിക്കും.

10.30ന് നോര്‍ക്ക പദ്ധതികളുടെ അവതരണം നോര്‍ക്ക ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി നിര്‍വഹിക്കും.

10.40ന് നോര്‍ക്ക പദ്ധതി ഗുണഭോക്താക്കള്‍ അനുഭവം പങ്കുവയ്ക്കും.

11.30ന് പ്രവാസവും നോര്‍ക്കയും: ഭാവി ഭരണനിര്‍വഹണം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ നോര്‍ക്ക പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍, എംജി സര്‍വകലാശാല ഐയുസിഎസ്എസ്ആര്‍ഇ ഡയറക്ടര്‍ ഡോ.കെ.എം. സീതി, എന്‍ആര്‍ഐ കമ്മിഷന്‍ മെമ്പര്‍ പി.എം. ജാബിര്‍, സിഐഎംഎസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റഫീഖ് റാവുത്തര്‍, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി. മുസഫര്‍ അഹമ്മദ്, ഫ്‌ളേം സര്‍വകലാശാല അസിസ്റ്റന്‍ഡ് പ്രഫസര്‍ ഡോ. ദിവ്യ ബാലന്‍ എന്നിവര്‍ സംസാരിക്കും.

നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി മോഡറേറ്ററാകും.

ഉച്ചകഴിഞ്ഞ് രണ്ടിന് മാറുന്ന കുടിയേറ്റത്തിലും പുനരധിവാസത്തിലും പ്രവാസി സംഘടനകളുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേരള പ്രവാസി സംഘം പ്രസിഡന്റ് ഗഫൂര്‍ പി ലില്ലിസ്, പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് ചന്ദന, പ്രവാസി ഫെഡറേഷന്‍ പ്രസിഡന്റ് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര, പ്രവാസി ലീഗ് പ്രസിഡന്റ് ഹനീഫ മുനിയൂര്‍, കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബാബു കരിപ്പാല, മറ്റ് പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ് മോഡറേറ്ററാകും.

വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കെ.ടി. ജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ അധ്യക്ഷത വഹിക്കും. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ബാങ്ക് ഓഫ് ബറോഡ ഹെഡ് കേരള സോണ്‍ ജനറല്‍ മാനേജര്‍ ശ്രീജിത് കൊട്ടാരത്തില്‍, ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി എന്നിവര്‍ സംസാരിക്കും.

ലോകകേരളസഭ അംഗങ്ങള്‍, പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍, നോര്‍ക്ക പദ്ധതികളുടെ ഗുണഭോക്താക്കള്‍, പ്രവാസികള്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും. 4.45ന് മെഹ്ഫില്‍- ഷിഹാബും ശ്രേയയും പാടുന്നു.

Leave A Reply

Your email address will not be published.