ഇരിങ്ങാലക്കുട : വാട്സ്ആപ്പ് വഴി ഷെയര്‍ ട്രേഡിങ് ഗ്രൂപ്പുകളില്‍ ചേര്‍ത്ത് വന്‍ ലാഭം വാഗ്ദാനം ചെയ്ത് ആളൂര്‍ സ്വദേശിയായ വയോധികനില്‍ നിന്ന് 78 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ മൂന്നു പ്രതികളെ റൂറല്‍ സൈബര്‍ പൊലിസ് പിടികൂടി.
കാറളം വെള്ളാനി കായം പുറത്ത് വീട്ടില്‍ ആഗ്നേയ് പ്രസാദ് ( 30), നാട്ടിക പണിക്കശ്ശേരി എടക്കാട്ട് വീട്ടില്‍ സുധീഷ് (43), തൃപ്രയാര്‍ പുന്നപ്പിള്ളി വീട്ടില്‍ കാര്‍ത്തിക് (32) എന്നിവരെയാണ് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സൈബര്‍ പൊലിസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ആഗ്നേയ് പ്രസാദ്, കാര്‍ത്തിക് എന്നിവരെ തൃപ്രയാറില്‍ നിന്നും സുധീഷിനെ കാക്കാതുരുത്തിയില്‍ നിന്നാണ് പിടികൂടിയത്.
‘പ്രൈമറി ഡീമാറ്റ് ട്രേഡിങ്’ എന്ന പേരില്‍ വാട്സ്ആപ്പിലൂടെ സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടര്‍ന്ന് ഇദ്ദേഹത്തെ ‘നിര്‍മല്‍ ബാങ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന വ്യാജ സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ് ഗ്രൂപ്പില്‍ അംഗമാക്കി. വിപണിയിലെ പ്രൈമറി ട്രേഡിങില്‍ പങ്കെടുത്താല്‍ വലിയ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് പ്രതികള്‍ നല്കിയ ലിങ്ക് വഴി ‘എന്‍.ബി ട്രേഡ് ‘ എന്ന ക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു.
2025 നവംബര്‍ 3 മുതല്‍ ഈ വര്‍ഷം ജനുവരി 9 വരെയുള്ള കാലയളവിനുള്ളിലാണ് പണം നഷ്ടപ്പെട്ടത്. ആപ്പിലെ വ്യാജ കണക്കുകള്‍ കണ്ട് വിശ്വസിച്ച പരാതിക്കാരന് തന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 78,22,010 രൂപ പ്രതികള്‍ നിര്‍ദ്ദേശിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു നല്കി. പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതും പൊലിസില്‍ പരാതി നല്കിയതും.
റൂറല്‍ സൈബര്‍ പൊലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.എസ് സുജിത്ത് , സബ് ഇന്‍സ്പെക്ടര്‍മാരായ ആല്‍ബി തോമസ് വര്‍ക്കി, പി.ടി ആന്റണി , സി.പി.ഒ വി.എസ് അജിത്ത് , ഡ്രൈവര്‍ സി.പി.ഒ അനന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

