ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം പ്രചരിപ്പിച്ച വ്യക്തിയെ കസ്റ്റഡിയിലെടുത്തു

0

മലപ്പുറം : ഡിസംബർ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് രക്ഷിതാക്കൾക്കൊപ്പം വിളിച്ചു വരുത്തുകയും ഉപദേശം നൽകി വിട്ടയക്കുകയും ചെയ്തത്.

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, കളക്ടറുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ജില്ലാ കളക്ടറുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സാജു കെ. എബ്രഹാം, സൈബര്‍ പൊലീസ് ക്രൈം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഐ.സിചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാട്സാപ്, ഇൻസ്റ്റാഗ്രാം തുടങ്ങി സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് നടപടി.

സൈബര്‍ ടീം അംഗങ്ങളായ എസ്.ഐ നജ്മുദ്ദീന്‍, സി.പി.ഒമാരായ ജസീം, റിജില്‍രാജ്, വിഷ്ണു ശങ്കര്‍, രാഹുല്‍ എന്നവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.