സമരത്തെ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ് അഭിവാദ്യം ചെയ്തു
കോഴിക്കോട്: കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി രണ്ടാം ഘട്ട സമരം 34 ദിവസം പിന്നിട്ടു. ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നതിന് നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് നാല് വർഷം പിന്നിട്ടിട്ടും വ്യവസായ വകുപ്പ് തുടർ നടപടികൾ ത്വരിതപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് സമര സമിതിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട സമരം ആരംഭിച്ചത്.
സമരത്തെ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ് അഭിവാദ്യം ചെയ്തു. കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടികൾ ഇനിയും വൈകിപ്പിക്കരുതെന്ന് ബിനൂപ് പറഞ്ഞു. ഏറ്റെടുക്കൽ ബില്ലിന് അനുമതി കിട്ടിയിട്ടും തുടർ നടപടികൾ വൈകിപ്പിക്കുന്നത് ദുരൂഹത വർധിപ്പിക്കുകയാണ്.
കോഴിക്കോടിന്റെ അഭിമാനമായി നിലനിർത്തേണ്ട സ്ഥാപനത്തെയും അവിടുത്തെ തൊഴിലാളികളെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമര സമിതി കൺവീനർ ഇ സി സതീശൻ അധ്യക്ഷത വഹിച്ചു. അഡ്വ. എ കെ സുകുമാരൻ, പി ശിവപ്രകാശ്, ടി മനോഹരൻ എന്നിവർ സംസാരിച്ചു.