വാകമരത്തണലില്‍ ചരിത്രമാകാന്‍ കോടഞ്ചേരി കോളെജ് അലുമ്‌നി മീറ്റ്‌

0

ഇന്നലെകളില്‍ ക്യാമ്പസിന്റെ ഇടനാഴികളിലൂടെ കടന്നുപോയവരെ തിരിച്ചു വരവേല്‍ക്കാന്‍ കോടഞ്ചേരി ഗവ. കോളേജ് ഒരുങ്ങി കഴിഞ്ഞു.

മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്ക് തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ചു ക്യാമ്പസിന്റെ ഇടനാഴികളിലൂടെ നടന്നു നീങ്ങിയവര്‍, ക്ലാസ് മുറികളെ സംവാദത്തിന്റെ വേദികളാക്കിയവര്‍, സ്വപ്നങ്ങളുടെ ലോകത്ത് പാറിപറന്ന് പ്രണയിച്ചവര്‍, ക്യാമ്പസിന്റെ മൂക്കിലും മൂലയിലും ഓടി നടന്നവര്‍, ചുവരുകള്‍ക്കും സുപരിചിതരായവര്‍, ഇതിനെല്ലാം അപ്പുറം സൗഹൃദത്തിന്റെ വലിയ വലയങ്ങള്‍ തീര്‍ത്തവര്‍. അവരെല്ലാം തിരികെ വരികയാണ്. ജീവിതത്തെ ആഘോഷമാക്കിയ ഇടങ്ങിലേക്ക്…

പിരിമുറുക്കം നിറഞ്ഞ യൂണിയന്‍ തെരഞ്ഞെടുപ്പ്. ഉത്സവാന്തരീക്ഷം നിറഞ്ഞ കോളേജ് ഡേ, ഫൈന്‍ ആര്‍ട്സ്, സ്പോര്‍ട്സ് ഡേ, എന്‍എസ്എസ് ക്യാമ്പസുകള്‍, ആഘോഷങ്ങളുടെ കാലമായിരുന്നു അത്. ഇന്നലെകളില്‍ വസന്തം തീര്‍ത്ത ആ ഇടങ്ങള്‍ കാണാന്‍ വീണ്ടും കാണാന്‍. പഴയ സൗഹൃദങ്ങള്‍ തിരികെ പിടിക്കാന്‍. വാകമരത്തണലില്‍ വീണ്ടും അവര്‍ ഒത്തുചേരുകയാണ്. ഇവിടെ ഇനിയും വസന്തം പിറക്കും. ഗുല്‍മോഹറും മന്ദാരവുമെല്ലാം വീണ്ടും പൂക്കും.

അതെ ഇന്നലെകളില്‍ ക്യാമ്പസിന്റെ ഇടനാഴികളിലൂടെ കടന്നുപോയവരെ തിരിച്ചു വരവേല്‍ക്കാന്‍ കോടഞ്ചേരി ഗവ. കോളേജ് ഒരുങ്ങി കഴിഞ്ഞു. 2023 ജനുവരി 26ന് കോളേജില്‍ ‘വാകമരത്തണലില്‍’ മെഗാ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടക്കും. 1980 മുതല്‍ 2022 വരെ വിവിധ ബാച്ചുകളില്‍ പഠിച്ചവര്‍ സംഗമത്തിന്റെ ഭാഗമാകും. വിദ്യാര്‍ഥികള്‍ക്ക് പുറമേ വിവിധ കാലങ്ങളില്‍ കോളേജിലുണ്ടായിരുന്ന അധ്യാപകര്‍, അധ്യാപക ഇതര ജീവനക്കാര്‍ എന്നിവരെല്ലാം സംഗമത്തിന്റെ ഭാഗമാകും. സംഗമം വിജയിപ്പിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങള്‍ കോളേജില്‍ നടന്നു. സംഗമം 26ന് രാവിലെ പത്തിന് ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

1940കളുടെ പകുതിയോടെയാണ് മധ്യതിരൂവിതാംകുറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോടിന്റെ മലയോരങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ആ കാലത്ത് തന്നെ കോടഞ്ചേരിയിലേക്കും കുടിയേറ്റമുണ്ടായി. ഏക്കാലത്തും വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയ മലയോര ജനത ആ കാലത്ത് തന്നെ സ്‌കൂളുകള്‍ സ്ഥാപിച്ചു. പിന്നീട് അവരുടെ ശ്രമം നാട്ടിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ നല്‍കുന്നതിനുള്ള ഒരു സ്ഥാപനം തുടങ്ങുന്നതിന് വേണ്ടിയായിരുന്നു.

നിരന്തര ഇടപെടലുകള്‍ക്ക് ഒടുവില്‍ കോടഞ്ചേരിക്ക് ഗവ. കോളേജ് അനുവദിച്ചു. 1980 തിരുവോണനാളില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കോളേജ് തുടക്കം കുറിച്ചു. ഏതാനും വര്‍ഷക്കാലും കോടഞ്ചേരിയിലെ വാടകക്കെട്ടില്‍ പ്രവര്‍ത്തിച്ച കോളേജിനായി നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു പണം സ്വരൂപിച്ച് സ്ഥലം വാങ്ങുകയായിരുന്നു.

രണ്ട് പ്രീഡിഗ്രി ക്ലാസുകളായി തുടങ്ങിയ കോളേജില്‍ ഇന്ന് നാല് യുജി കോഴ്സുകളും മൂന്ന് പിജി കോഴ്സുകളുമുണ്ട്. ഇക്കണോമിക്സ്, കോമേഴ്സ് വിഭാഗങ്ങള്‍ ഇപ്പോള്‍ ഗവേഷണ കേന്ദ്രങ്ങളുമാണ്. ഇന്ന് ഇവിടെ പഠനം പൂര്‍ത്തിയാക്കിയ ആയിരകണക്കിന് വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

ജൈവ വൈവിധ്യ പാര്‍ക്ക്

മലയോര മേഖലയിലെ ആദ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന ഖ്യാതി മാത്രമല്ല കോടഞ്ചേരി ഗവ. കോളേജിനുള്ളത്. ക്യാമ്പസിനുള്ളില്‍ തന്നെ മൂന്ന് ഏക്കറിലലധികം വരുന്ന ജൈവ വൈവിധ്യ പാര്‍ക്കാണ് കോളേജിന്റെ എറ്റവും വലിയ പ്രത്യേകത. കോളേജിലെ സുവോളജി വകുപ്പിന്റെ നേതൃത്വത്തില്‍ ഇത് പ്രത്യേകമായി സംരക്ഷിക്കുന്നു. നൂറുകണക്കിന് സ്വാഭാവിക മരങ്ങളും വ്യത്യസ്തമായ പക്ഷികളും പൂമ്പാറ്റകളും നിറഞ്ഞ പാര്‍ക്ക് വൈവിധ്യങ്ങളുടെ കലവറ തന്നെയാണ്.

വിവിധ തരം പക്ഷികളും മറ്റു ചെറുജീവികളും ഈ ജൈവ വൈവിധ്യത്തിനുള്ളില്‍ ജീവിക്കുന്നു. പക്ഷി നീരിക്ഷണത്തിന് പ്രത്യേക സംവിധാനങ്ങളും ഇവിടെയുണ്ട്. തിങ്ങി നിറഞ്ഞു മരങ്ങളിലെല്ലാം അവയുടെ ശാസ്ത്രീയ നാമങ്ങളും നാടന്‍പേരും ഏഴുതി ഒട്ടിച്ചിട്ടുണ്ട്. ഈ പാര്‍ക്കിനുള്ളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുള്ള പക്ഷികള്‍, പാമ്പുകള്‍, മറ്റു ജീവജാലങ്ങള്‍ എന്നിവയുടെയും പേരുകളും ബോര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ചരിത്രമാകും

42 വയസ് പിന്നിട്ട കോടഞ്ചേരി ഗവ. കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിപുലമായൊരു മെഗാ അലുമ്‌നി മീറ്റ് നടക്കുന്നത്. അതുകൊണ്ടുതന്നെ ആയിരത്തിലധികം പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ എത്തുചേരുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. ഉദ്ഘാടന ചടങ്ങ്, ക്ലാസ് ഒത്തുചേരല്‍, ഉച്ചഭക്ഷണം, കലാപരിപാടികള്‍, ബയോഡൈവേഴ്സിറ്റി റിസര്‍ച്ച് സന്ദര്‍ശനം എന്നിവയെല്ലാം കോര്‍ത്തിണക്കിയതാണ് മെഗാ മീറ്റ്.

വാകമരത്തണലില്‍ ചരിത്രമാകാന്‍ കോടഞ്ചേരി കോളെജ് അലുമ്‌നി മീറ്റ്‌
Leave A Reply

Your email address will not be published.