കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കും എം.വി.ആർ ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൈബർപാർക്ക് ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തം നൽകി. സൈബർ പാർക്കിലെ സഹ്യ കെട്ടിടത്തിലായിരുന്നു പരിപാടി.
എം.വി.ആർ ക്യാൻസർ സെന്ററിന്റെ വാർഷിക രക്തദാന പ്രവർത്തനങ്ങളിൽ സൈബർപാർക്ക് നൽകിവരുന്ന സഹകരണം മുൻനിർത്തി ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു. എം.വി.ആർ ക്യാൻസർ സെന്ററിലെ ഡോ. അമിൽ ഹാരിസ്, സൈബർപാർക്ക് എച്ച്.ആർ ആൻഡ് മാർക്കറ്റിംഗ് മാനേജർ അനുശ്രീ എം ന് ഉപഹാരവും പ്രശംസാപത്രവും കൈമാറി. രക്തദാനത്തിൽ പങ്കാളികളായവർക്ക് അധികൃതർ നന്ദി രേഖപ്പെടുത്തി.
സൈബർ പാർക്കിലെ വിവിധ കമ്പനികളിൽ നിന്നായി 87 പേർ രക്തദാനത്തിൽ പങ്കാളികളായി. എംവിആർ ക്യാൻസർ സെന്ററിന്റെ രക്തദാന ഉദ്യമത്തിൽ വർഷംതോറും സജീവമായി പങ്കെടുക്കുന്ന സൈബർ പാർക്കിലെ ഐ ടി ജീവനക്കാർക്ക് അധികൃതർ നന്ദി രേഖപ്പെടുത്തി.

