കണ്ണൂര്: സൂപ്പര് ലീഗ് കേരളയില് ചാമ്പ്യന്മാര് തമ്മിലുള്ള പോരാട്ടത്തിന് കണ്ണൂര് ജവഹര് സ്റ്റേഡിയം വേദിയാകും. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര് വാരിയേഴ്സ് എഫ്സിയും ആദ്യ സീസണിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയും ഞായറാഴ്ച ഏറ്റുമുട്ടും. വൈകീട്ട് 7.30നാണ് മത്സരം. സ്വന്തം തട്ടകത്തില് തുടര്ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങുന്ന കണ്ണൂരിന് കാലിക്കറ്റിന്റെ അപരാജിത കുതിപ്പിന് തടയിടുകയെന്നതും നിര്ണായകമാണ്.
ടിക്കറ്റ് വില്പന ആരംഭിച്ചു
കണ്ണൂര് വാരിയേഴ്സ് എഫ്സിയും കാലിക്കറ്റ് എഫ്സിയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചു. ഓണ്ലൈന് ടിക്കറ്റുകള് www.kannurwarriorsfc.com എന്ന വെബ് സൈറ്റിലും www.skillboxes.com വെബ് സൈറ്റിലും അപ്പിളിക്കേഷനിലും ലഭ്യമാണ്. ഓഫ്ലൈന് ടിക്കറ്റുകള് കണ്ണൂര് റെയില്വേ സ്റ്റേഷന് കിഴക്കേ കവാടത്തിന് എതിര്വശം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം പ്രത്യേകം തയ്യാറാക്കിയ ബോക്സ് ഓഫീസില് നിന്ന് ലഭ്യമാണ്. 199 രൂപ മുതലാണ് ടിക്കറ്റ് വില ആരംഭിക്കുന്നത്.
ആഴ്ചയിലെ ഇലവനില് മൂന്ന് പേര്
സൂപ്പര് ലീഗ് കേരള മൂന്നാം ആഴ്ച പിന്നിടുമ്പോള് ആഴ്ചയിലെ ഇലവനില് കണ്ണൂര് വാരിയേഴ്സില് നിന്ന് മൂന്ന് താരങ്ങള്. സ്ട്രൈക്കര് ബോഗ്ദാന് സ്റ്റമാന്ക്കോവിച്ച്, അറ്റാക്കിംങ് താരം നിജോ ഗില്ബേര്ട്ട്, പ്രതിരോധ താരം മനോജ് എസ് എന്നിവരാണ് ടീമില് ഇടംപിടിച്ചത്. ബോഗ്ദാന് ഫോഴ്സ കൊച്ചിക്കെതിരെ ഒരു ഗോള് നേടിയപ്പോള് നിജോ ഗില്ബേര്ട്ട് രണ്ട് ഗോളുകള്ക്ക് അവസരം ഒരുക്കി. പ്രതിരോധ നിരയില് മിന്നും പ്രകടനമായിരുന്നു മനോജ് കാഴ്ച വെച്ചത്.
റെഡ് മറൈനേഴ്സ് കുതിക്കുന്നു
സൂപ്പര് ലീഗ് കേരള ഒരുക്കിയ മികച്ച ഫാന് ക്ലബിനുള്ള അവാര്ഡ് മത്സരത്തില് കണ്ണൂര് വാരിയേഴ്സ് ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ് ബഹുദൂരം മുന്നില്. 845 പോയിന്റ് സ്വന്തമാക്കിയാണ് റെഡ് മറൈനേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 690 പോയിന്റുമായി കാലിക്കറ്റ് എഫ്സി ആരാധകരായ ബീക്കണ് ബ്രഗേഡ് രണ്ടാമതും 485 പോയിന്റുമായി തിരുവനന്തപുരം കൊമ്പന്സ് ആരാധകരായ സൗത്ത് കോസ്റ്റ് ട്രോപ്പേഴ്സ് മൂന്നാമതുമാണ്.

