സ്ലാവിയയിലും കുഷാ ഖിലും ഉപയോഗിച്ചിരിക്കുന്നത് 95 ശതമാനവും ഇന്ത്യൻ നിർമിത ഘടകങ്ങളായതിനാൽ കുറഞ്ഞ വിലയിൽ നൽകാൻ കഴിയുന്നു.
മുംബൈ: വിപണിയിൽ ഒരു വർഷം പൂർത്തിയാക്കുന്ന സ്ലാവിയയുടെ ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ സ്കോഡ ഇന്ത്യ അവതരിപ്പിച്ചു. ഏറ്റവുമൊടുവിൽ നടത്തിയ എൻകാപ് ക്രാഷ് ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്കോർ കരസ്ഥമാക്കിയതിന് പിറകെയാണ് വിപണിയിൽ വൻ വിജയം നേടിയ സ്ലാവിയയുടെ വാർഷിക എഡിഷൻ വരുന്നത്.
നേരത്തെ തന്നെ എൻകാപ് ക്രാഷ് ടെസ്റ്റിൽ വിജയിക്കുകയും വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കുകയും ചെയ്ത കുഷാഖിന്റെ സ്പെഷ്യൽ എഡിഷനും വിപണിയിലെത്തിയിട്ടുണ്ട്.
ഒക്റ്റാവിയ സുപ്പർബിയിലും കോഡിയാക്കിലും മാത്രമുണ്ടായിരുന്ന പ്രീമിയം ലാവ ബ്ലൂ ഷെയ്ഡ് ഇന്ത്യ 2.0 കാറുകളായ സ്ലാവിയയുടേയും കുഷാഖിന്റയും പുതുതായി ഇറങ്ങിയ എഡിഷനുകളിൽ ലഭ്യമാണ്. കൂടാതെ ഇ 20 എത്തനോൾ കലർത്തിയ ഇന്ധനം ഇവയിൽ ഉപയോഗിക്കാം. പുതിയ ആർഡി എമിഷൻ മാനദൺഡങ്ങളോടു കൂടിയവയുമാണ് ഈ മോഡലുകൾ. എത്തനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കുമ്പോൾ സ്ലാവിയിൽ 5 ശതമാനവും കുഷാഖിൽ 7 ശതമാനവും ഇന്ധന ലാഭമുണ്ടാവും.
എല്ലാ കാറുകൾക്കും എൻകാപ് സുരക്ഷാ സർടിഫിക്കറ്റ് കരസ്ഥമാക്കിക്കൊണ്ട് വൻ നേട്ടം കൈവരിച്ച സ്കോഡ ഇന്ത്യ 2.0 കാറുകളുടെ വിജയത്തിൽ കാലുറപ്പിച്ചു കൊണ്ട് ഈ വർഷം കൂടുതൽ മോഡലുകൾ വിപണിയിലെത്തിക്കുകയാണെന്ന് സ്കോഡ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ പീറ്റർ സോൾ പറഞ്ഞു. സുരക്ഷാ മാനദൺഡങ്ങളിൽ മുന്നിലെത്തുക വഴി വിപണിയിൽ വലിയ മേൽക്കൈ നേടാൻ സ്കോഡ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം അനായാസമായ ഡ്രൈവിങ്, ആകർഷകമായ രൂപ കൽപന എന്നിവയും സ്കോഡ കാറുകളുടെ പ്രത്യേകതയാണ്.
സ്കോഡ സ്റ്റൈലിന്റെ കുറച്ചു കൂടി മുന്നിൽ നിൽക്കുന്നതാണ് സ്ലാവിയ വാർഷിക എഡിഷൻ. സ്റ്റൈലിലെ എല്ലാ വിശേഷ സൗകര്യങ്ങളും സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. കുഷാഖ് സ്റ്റൈലിനും മോൺടെ കാർലോയ്ക്കും ഇടയിൽ സ്ഥാനമുള്ളതാണ് കുഷാഖ് എഡിഷൻ എന്ന് നാമകരണം ചെയ്തിട്ടുള്ള കുഷാഖിന്റെ സ്പെഷ്യൽ എഡിഷൻ. രണ്ട് കാറുകളുടേയും സ്പെഷ്യൽ എഡിഷനുകളിൽ മുൻപിലും പിറകിലും മഡ് ഫ്ലാപ്പുകളുണ്ട്. മുൻ വശത്തെ ഗ്രിൽ ക്രോം ഫിനിഷോടു കൂടിയതുമാണ്. സ്ലാവിയയുടെ സി പില്ലറിൽ ആനിവേഴ്സറി എഡിഷൻ എന്ന് ബ്രാന്റ് ചെയ്തിട്ടുണ്ട്. കുഷാഖിൽ ബി പില്ലറിലാണ് ബ്രാന്റിങ്ങുള്ളത്. സ്ലാവിയയ്ക്കകത്ത് ഡോർ തുറക്കുമ്പോൾ തന്നെ സ്റ്റിയറിങ് വീലിൽ ആനിവേഴ്സറി എഡിഷൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർ കാല് വയ്ക്കുന്ന ഭാഗത്ത് പെഡലിലും ബ്രാന്റിങ്ങുണ്ട്. ഡാഷ് ബോർഡിൽ പ്ലേ ആപ്പും വയർലെസ് സ്മാർട് ലിങ്കും ഉൾപ്പെടുന്ന 25.4 സെന്റിമീറ്റർ സ്കോഡ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. കുഷാഖിൽ സ്കഫ് പ്ലേറ്റിൽ എഡിഷൻ ബ്രാന്റിങ്ങുണ്ട്.
സ്ലാവിയയുടേയും കുഷാഖിന്റേയും പുതിയ എഡിഷനുകളിൽ 1.5 ലിറ്റർ ഇവിഒ – ജനറേഷൻ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണുള്ളത്. ഇത് 110 കിലോവാട്ട് കരുത്തും 250 എൻ എം ടോർക്കും പ്രദാനം ചെയ്യുന്നു.6-സ്പീഡ് മാന്വലും 7- സ്പീഡ് ഡി എസ് ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭ്യമാണ്.
സ്ലാവിയയിലും കുഷാ ഖിലും ഉപയോഗിച്ചിരിക്കുന്നത് 95 ശതമാനവും ഇന്ത്യൻ നിർമിത ഘടകങ്ങളായതിനാൽ കുറഞ്ഞ വിലയിൽ നൽകാൻ കഴിയുന്നു.