ഹര്‍ഷിന സമരസഹായ സമിതിയുടെ നേതൃത്വത്തിലാണ് സമരം ആരംഭിക്കുക
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. മെയ് മാസം 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം തുടങ്ങുമെന്ന് ഹര്‍ഷിന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹര്‍ഷിന സമരസഹായ സമിതിയുടെ നേതൃത്വത്തിലാണ് സമരം ആരംഭിക്കുക. കുറ്റക്കാര്‍ക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരമായി നല്‍കണമെന്നും സമരസഹായ സമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. മന്ത്രി വീണാജോര്‍ജ്ജും ആരോഗ്യവകുപ്പും തനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷം താന്‍ അനുഭവിച്ച വേദനയും ചികിത്സ ചെലവും താങ്ങാവുന്നതിലപ്പുറമാണ്.
തുടര്‍ പഠനമെന്ന തന്റെ മോഹവും ഇതിനിടെ പൊലിഞ്ഞു. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമെന്ന് പറഞ്ഞ് നിഷേധിച്ചതോടെ മന്ത്രിയെ നേരിട്ട് കാണാന്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് വിളിച്ചിട്ട് ഫോണ്‍ പോലും എടുക്കാന്‍ തയ്യാറായില്ലെന്നും ഹര്‍ഷിന പറഞ്ഞു.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് നല്‍കിയ വിവരം. സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നത് വ്യക്തമാണെന്നും അവര്‍ കൂട്ടിചേര്‍ത്തൂ.