സോണ്ട കമ്പനിയെ കോര്‍പറേഷന്‍ വഴിവിട്ട് സഹായിക്കുന്നു: യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി

0

മൂന്ന് കോടി 74ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്നും   യു ഡി എഫ്  ആവശ്യപ്പെട്ടു.

കോഴിക്കോട്:  പ്രമുഖ സി പി എം  നേതാവിന്റെ മരുമകന്‍ നേതൃത്വം നല്‍കുന്ന സോണ്ട കമ്പനിക്ക്   കോഴിക്കോട് കോര്‍പ്പറേഷന്‍ വഴിവിട്ട സഹായമാണ് നല്‍കി വരുന്നതെന്ന്  യു ഡി എഫ് കൗണ്‍സില്‍ പാര്‍ട്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ഞെളിയം പറമ്പിലെ  ബയോ മൈനിങും കാപ്പിങ്  പ്രവൃത്തിയും   പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കമ്പനിയെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കരാറില്‍ നിന്നും പുറത്താക്കണമെന്നും കമ്പനിക്ക് കോര്‍പ്പറേഷന്‍ നല്‍കിയ  മൂന്ന് കോടി 74ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്നും   യു ഡി എഫ്  ആവശ്യപ്പെട്ടു.

കരാറില്‍ വീഴ്ച വരുത്തിയ കമ്പനിയില്‍ നിന്ന് 38ലക്ഷം രൂപ പിഴ ഈടാക്കണം. മാലിന്യത്തില്‍ നിന്നും വൈദ്യുതി എന്ന പ്രധാന പദ്ധതിയുടെ കരാറില്‍ കെ എസ് ഐ  ഡി സിയെയും സോണ്ടയെയും  ഒഴിവാക്കണം. ഞെളിയന്‍ പറമ്പില്‍ 12.67 ഏക്കര്‍ ഭൂമി ഇതുമായി ബന്ധപ്പെട്ട്  കെ എസ് ഐ ഡി സിക്ക് കൈമാറിയ നടപടിയും റദ്ദാക്കണമെന്ന്  നേതാക്കളായ കെ .സി ശോഭിതയും  കെ .മൊയ്തീന്‍ കോയയും ആവശ്യപ്പെട്ടു.

ബയോമൈനിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സോണ്ട കമ്പിനിക്ക് കെ എസ് ഐ ഡി സിയുടെ 250 കോടിയുടെ  പ്രധാന കരാര്‍ എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നും യു ഡി എഫ് ചോദിച്ചു.  സോണ്‍ നമ്പര്‍ ഒന്ന്, രണ്ട്  മേഖലകളില്‍ നിന്ന് മാലിന്യം  നീക്കിയതായി അവകാശപ്പെട്ടാണ്  കമ്പിനി കോര്‍പ്പറേഷനില്‍ നിന്ന്  3.74 കോടി കൈപറ്റിയത്.  എന്നാല്‍ മുപ്പതു ശതമാനം പ്രവൃത്തി മാത്രമാണ് ഇതുവരെ കമ്പിനിക്ക് നീക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

പ്രവൃത്തി പകുതിയും പൂര്‍ത്തിയായെന്ന്  തെറ്റിദ്ധരിപ്പിച്ച് കോര്‍പ്പറേഷന്‍ എന്‍ജിനിയറിങ് വിഭാഗവും  കമ്പനിക്ക് ഒത്താശ ചെയ്യുകയാണ്. സോണ്ടയ്ക്ക്  വീണ്ടും കരാര്‍ നീട്ടി നല്‍കിയ നടപടിക്കെതിരെ നിയമനടപടിയിലേക്കും ശക്തമായ പ്രതിഷേധങ്ങളിലേക്കും കടക്കുമെന്നും  നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സിലര്‍ എസ് .കെ അബൂബക്കര്‍, നിര്‍മ്മല എന്നിവരും പങ്കെടുത്തു.

സോണ്ട കമ്പനിയെ കോര്‍പറേഷന്‍ വഴിവിട്ട് സഹായിക്കുന്നു: യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി
Leave A Reply

Your email address will not be published.