കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.
നടുവണ്ണൂരിൽ വോളിബോൾ അക്കാദമി യാഥാർഥ്യമാകുന്നു. മലബാറിന്റെ മാത്രമല്ല കേരളത്തിന്റെയാകെ വോളിബോൾ സ്വപ്നത്തിന് ചിറകുപകർന്ന് കുട്ടികൾ പഠനത്തിനൊപ്പം വോളിബോൾ കളിച്ച് വളരണമെന്ന നാടിന്റെ സ്വപ്നമാണ് കായിക വകുപ്പും സർക്കാരും സഫലമാക്കുന്നത്. കാവുന്തറ തെങ്ങിടയിൽ അക്കാദമി വിലയ്ക്കുവാങ്ങിയ 75 സെന്റിൽ 10.63 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. ആദ്യ ഘട്ടത്തിൽ 50 ലക്ഷം രൂപയുടെ അനുബന്ധ ഉപകരണങ്ങളാണ് വാങ്ങുന്നത്.
3687 ചതുരശ്ര മീറ്ററിൽ ഒരുക്കിയ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ രണ്ട് ഇൻഡോർ കോർട്ടാണ് തയ്യാറാക്കിയത്. വിശാലമായ തിയറി ക്ലാസ്‌മുറിയും മൾട്ടിജിമ്മും ഒന്നാം നിലയിലാണ് ഒരുക്കിയത്. കുട്ടികൾക്കുള്ള ഡോർമെറ്ററികൾ ഗ്രൗണ്ട് ഫ്ളോറിലും ഒന്നാംനിലയിലും പണിതു. രണ്ട് ലിഫ്റ്റും ഒരുങ്ങി.
അക്കാദമിയുടെ മുറ്റത്താണ് ഔട്ട്‌ഡോർ കോർട്ട് തയ്യാറാക്കിയത്. നൂറുകുട്ടികൾക്ക് താമസ സൗകര്യം, അടുക്കള, ഓഫീസ്, മൾട്ടി ജിം ഭക്ഷണശാല, തിയറി ക്ലാസ്മുറി, തുടങ്ങിയ സൗകര്യങ്ങളുണ്ട്. വിദഗ്ധരുടെ ശിക്ഷണത്തിൽ 53 കുട്ടികളാണ് ഇവിടെ പരിശീലനം നടത്തുന്നത്. ഏഴാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്.