കോഴിക്കോട്: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി എളമരം കരിം. മികച്ച പാർലമെന്റേറിയനും പ്രഭാഷകനും സമുജ്വലനായ തൊഴിലാളി നേതാവുമാണ് എളമരം കരീം(71). നിലവിൽ രാജ്യസഭാ എംപി. 2006ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വ്യവസായമന്ത്രിയായി മികവറിയിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറയുമാണ്.
കെഎസ്എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കെഎസ്‌വൈഎഫ് ഏറനാട് താലൂക്ക കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി. 1970ൽ സിപിഐ എം അംഗമായി. മാവൂർ ഗ്വാളിയോർ റയോൺസിലെ കരാർ തൊഴിലാളികളെ സംഘടിപ്പിച്ചാണ് രാഷ്‌ട്രീയ ജീവിതത്തിന് തുടക്കം. ചെറുപ്രായത്തിൽ ബിർള കോർടം പൾപ് ആൻഡ് ഫൈബർ വർക്കേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി. തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകി. സമരവുമായി ബന്ധപ്പെട്ട് മാവൂർ മുതൽ തിരുവനന്തപുരം വരെ നടത്തിയ പദയാത്രയിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിൽവാസം അനുഭവിച്ചു.
സിപിഐ എം മാവൂർ ലോക്കൽ സെക്രട്ടറി, മാവൂർ ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2005-ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാണ്. റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറി എന്നീ സ്ഥനങ്ങൾ വഹിച്ചു. നിലവിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമാണ്.
1996ൽ കോഴിക്കോട് രണ്ടിൽ നിന്നും നിയമസഭാംഗമായി. 2006-ൽ ബേപ്പൂരിൽ നിന്ന് നിയമ സഭയിലെത്തി. വി എസ് മന്ത്രി സഭയിൽ വ്യവസായ മന്ത്രിയായി തിളങ്ങി. 2018ൽ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കും ഫാസിസ്‌റ്റ് നടപടികൾക്കുമെതിരെ രാജ്യസഭയിൽ പ്രതിഷേധത്തിന്റെ ശബ്ദമായി മാറി. മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ രാഷ്‌ട്രീയത്തിനതീതമായ സ്വീകാര്യത നേടി.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം കോവൂരിലാണ് താമസം. ഭാര്യ: റഹ്മത്ത്. മക്കൾ: : പി കെ സുമി, പി കെ നിമ്മി.