ജനുവരി 4, 5 തീയതികളിൽ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ നാലാം സീസണിൻ്റെ ഭാഗമായി ഇത്തവണ ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോ ബേപ്പൂരിൻ്റെ ആകാശത്തിൽ ദൃശ്യവിസ്മയങ്ങൾ തീർക്കും.
വൈകിട്ട് 3.30 മുതലാണ് കാണികളെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുക.
തിരുവനന്തപുരത്തെ സതേൺ എയർ കമാൻ്റിൽ നിന്നുള്ള ഹെലികോപ്റ്ററുകൾ എയർഷോയിൽ പങ്കെടുക്കും.
എയർഷോയുടെ മുന്നോടിയായുള്ള പരിശീലന പ്രദർശനം ഇന്ന് (ജനുവരി 2) മുതൽ വൈകിട്ട് 3.30ന് ബേപ്പൂർ മറീന ബീച്ചിൽ നടക്കും.
ഇന്ത്യൻ വ്യോമ സേനയുടെ അഭ്യാസപ്രകടനങ്ങൾ ആസ്വദിക്കാൻ ഇന്നു മുതൽ പൊതുജനങ്ങൾക്ക് അവസരം ഉണ്ടായിരിക്കുമെന്ന് ഡിടിപിസി സെക്രട്ടറി ഡോ. നിഖിൽ ദാസ് അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയ്ക്കു പുറമെ, നാവിക സേനയും കോസ്റ്റ് ഗാർഡും വാട്ടർഫെസ്റ്റിൽ പങ്കാളികളാകുന്നുണ്ട്.
ഫെസ്റ്റിൻ്റെ രണ്ട് ദിവസങ്ങളിലും രാവിലെ 9 മുതല്‍ 5 മണി വരെ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനെത്തും.
പ്രദര്‍ശനം സൗജന്യമായിരിക്കും. ജനുവരി നാലിന് ഉച്ച രണ്ടു മണി മുതൽ ബേപ്പൂർ മറീനയിൽ കോസ്റ്റ്ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ ഫ്‌ളൈ പാസ്റ്റും ഉച്ച മൂന്നു മണി മുതല്‍ ബേപ്പൂര്‍ കടലില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സേർച്ച് ആൻ്റ് റെസ്ക്യൂ ഡെമോയും അരങ്ങേറും.
കടലിൽ അപകടങ്ങളിൽ പെടുന്നവർക്കായി നടത്തുന്ന തെരച്ചിൽ – രക്ഷാ പ്രവർത്തനങ്ങൾ ഇതിലൂടെ നേരിട്ട് കാണാനാവും. സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന വാട്ടർ ഫെസ്റ്റിനായി ബേപ്പൂരിലെയും ചാലിയത്തെയും കടലും കടല്‍ത്തീരവും ഒരുങ്ങിക്കഴിഞ്ഞു.
അന്താരാഷ്ട്ര സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇതിനകം ഇടം നേടിയ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിൻ്റെ മറ്റൊരു പ്രധാന ആകർഷണം 4, 5 തീയതികളിൽ വൈകിട്ട് 7.30 മുതൽ ബേപ്പൂര്‍ ബീച്ചിൽ നടക്കുന്ന ഡ്രോണ്‍ ഷോയാണ്.
വിവിധ ജല കായിക മത്സരങ്ങൾക്കും പ്രദർശനങ്ങൾക്കും പുറമെ, അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവല്‍, സംഗീതകലാ പരിപാടികള്‍, ഭക്ഷ്യമേള തുടങ്ങിയവയും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.
ജനുവരി നാലിന് വൈകിട്ട് ഏഴ് മണി മുതല്‍ ചാലിയം ബീച്ചില്‍ ജ്യോത്സ്‌ന രാധാകൃഷ്ണന്‍ ബാന്‍ഡിന്റെ സംഗീത പരിപാടിയും ബേപ്പൂർ ബീച്ചിൽ കെ എസ് ഹരിശങ്കര്‍ ആന്റ് ടീമിന്റെ സംഗീതപരിപാടിയും അരങ്ങേറും.
ജനുവരി അഞ്ചിന് വൈകിട്ട് 7.30 മുതല്‍ ഡ്രോണ്‍ ഷോയും തുടര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആന്റ് ടീമിന്റെ സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്.