സോയില്‍ പൈപ്പിങ്: കോഴിക്കോട് സ്വദേശിക്ക്‌ മുഖ്യമന്ത്രിയുടെ ധനസഹായം അനുവദിച്ചു

0

മന്ത്രിസഭാ യോ​ഗ തീരുമാനങ്ങൾ

ടെക്നോപാർക്ക് ക്വാഡ് പദ്ധതിക്ക് തത്വത്തിൽ അം​ഗീകാരം

ടെക്നോപാർക്കിൻ്റെ നാലാംഘട്ട ക്യാമ്പസിൽ ടെക്നോപാർക്ക് നടപ്പാക്കുന്ന “ക്വാഡ്” പദ്ധതിക്ക് മന്ത്രിസഭായോ​ഗം തത്വത്തിൽ അംഗീകാരം നൽകി. ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന ഒരേ കാമ്പസിൽ ജോലി, ഷോപ്പിംഗ് സൗകര്യങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുൾപ്പെടെ സൗകര്യങ്ങളുള്ള സംയോജിത മിനി ടൗൺഷിപ്പ് പദ്ധതിയാണ് ക്വാഡ്. ഏകദേശം 30 ഏക്കറിൽ 1600 കോടി രൂപ മുതൽമുടക്കിൽ പദ്ധതി പൂർത്തിയാകുമ്പോൾ 40 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്പെയ്സ് സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 പകുതിയോടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. 

5.5 ഏക്കറിൽ ഏകദേശം 381 കോടി രൂപ മുതൽ മുടക്കിൽ 8.50 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി ഓഫീസ് കെട്ടിടം ടെക്നോപാർക്ക് നിർമ്മിക്കും. ടെക്നോപാർക്കിന്റെ തനത് ഫണ്ട് ഉപയോഗിച്ചോ ലോൺ എടുത്തോ പൂർണ്ണമായും വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന കെട്ടിടം പാട്ടത്തിനും നൽകും.  6000 ഐടി പ്രഫഷണലുകളെ ഉൾക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനുണ്ടാകും. 5.60 ഏക്കറിൽ 350 കോടി രൂപ ചെലവിൽ 9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മിക്സഡ് യൂസ് വാണിജ്യ സൗകര്യം ഏർപ്പെടുത്തും.  

4.50 ഏക്കറിൽ 400 കോടി രൂപ മുതൽമുടക്കിൽ ഐടി കോ ഡെവലപ്പർ വികസിപ്പിക്കുന്ന 8 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി/ഐടിഇസ് ഓഫീസ് സമുച്ചയം നിർമ്മിക്കും. 6000 ഐടി പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകാനാകും. 10.60 ഏക്കറിൽ 450 കോടി രൂപ മുതൽ മുടക്കിൽ 14 ലക്ഷം ചതുരശ്ര അടിവിസ്തീർണമുള്ള റസിഡൻഷ്യൽ കോംപ്ലക്സും ഉണ്ടാകും.

വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ പരിശോധിക്കുവാൻ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി

കൺവീനറും  ധനകാര്യം, റവന്യൂ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണം അഡീഷണൽ ചീഫ് സെക്രട്ടറിമാർ, നിയമ വകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളായുളള കമ്മിറ്റി രൂപീകരിക്കും.

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം

2022 ഏപ്രിൽ, മെയ്, ജൂലൈ, ഓ​ഗസ്റ്റ് മാസങ്ങളിൽ അതിതീവ്ര ന്യൂനമർദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് മൂലമുണ്ടായ 45 ദിവസത്തെ തൊഴിൽ നഷ്ടത്തിന് 1,66,756 സമുദ്ര- അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു.  ദിവസം 200 രൂപ വീതം നൽകാൻ 50.027 കോടി രൂപയാണ് അനുവദിച്ചത്. 

2022ലെ കാലവർഷക്കെടുതിയിൽ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം വില്ലേജിൽ പാടശേഖരത്തിലെ മട വീണ് വീടും സ്ഥലവും ഒലിച്ചു പോയ ഓമനക്കുട്ടൻ, ജയകൂമാർ എന്നിവരെ പുനരധിവസിപ്പിക്കുന്നതിന് ധനസഹായം അനുവദിച്ചു. സ്ഥലം വാങ്ങി വീട് വെക്കുന്നതിന് സംസ്ഥാന ദുരന്തപ്രതികരണനിധി വിഹിതത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 18,09,800 രൂപ അനുവദിക്കും.

കോഴിക്കോട് കരുവട്ടൂർ പഞ്ചായത്തിലെ പോലൂർ വില്ലേജിലെ ബിജുവിൻ്റെ വീട്ടിൽ അസാധാരണ ശബ്ദം കേൾക്കുകയും, ചുവരുകൾ വിണ്ടു കീറുകയും ചെയ്യുന്ന പ്രതിഭാസത്തിന് പരിഹാരം കാണാൻ ദുരന്തനിവാരണ അതോറിറ്റി ശുപാർശ ചെയ്ത പ്രവൃത്തികൾ ചെയ്യാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കാൻ തീരുമാനിച്ചു. സോയിൽ പൈപ്പിങ്ങ് പ്രതിഭാസം മൂലം വീടിന് നാശനഷ്ടമുണ്ടായപ്പോൾ കണ്ണൂർ ജില്ലയിലെ രാഘവൻ വയലേരിക്ക് നൽകിയത് പോലെയാണ് തുക അനുവദിക്കുക. 4 ലക്ഷം രൂപയോ യഥാർത്ഥത്തിൽ ചെലവാകുന്ന തുകയോ ഏതാണ് കുറവ് എന്നത് അനുസരിച്ചാണ് നൽകുക. 

തസ്തികകൾ

പുതുതായി അനുവദിച്ച ആർബിട്രേഷൻ കോടതിയുടെ പ്രവർത്തനത്തിന് ഒമ്പത് തസ്തികകൾ അനുവദിക്കും. ജില്ലാ ജഡ്ജ്, ശിരസ്തദാർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II,  ബഞ്ച് ക്ലാർക്ക് ഗ്രേഡ് I, ഹെഡ് ക്ലാർക്ക്, സീനിയർ ക്ലാർക്ക്, ക്ലാർക്ക് കം കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, കോർട്ട് കീപ്പർ എന്നിവയുടെ ഓരോ തസ്തികകളാണ് സൃഷ്ടിക്കുക. 

കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ് കോർപ്പറേഷൻ ( കെക്സ്കോൺ)ന് മലബാർ മേഖലയിൽ റീജിയണൽ ഓഫീസ് സ്ഥാപിക്കുന്നതിന് അനുമതി നൽകും. ഓഫീസ് നടത്തിപ്പിന് എട്ട് തസ്തികകൾ താൽക്കാലികമായി അനുവദിക്കും. 

ഐടി വകുപ്പിന് കീഴിലെ സൈബർ സുരക്ഷ നില മെച്ചപ്പെടുത്തുന്ന കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം കേരള (CERT –  K) അഞ്ച് തസ്തികകൾ അനുവദിച്ചു. 

പക്ഷാഘാതം മൂലം കിടപ്പു രോഗിയായി തുടരുന്ന കൊല്ലം കരുനാ​ഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. പ്രസാദ് ശശിധരയെ സർവ്വീസിൽ നിലനിർത്തുന്നതിന് ആരോഗ്യ വകുപ്പിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

സേവനകാലാവധി നീട്ടി

അഴീക്കൽ തുറമുഖ വികസനത്തിന് രൂപീകരിച്ച മലബാർ ഇന്റർനാഷണൽ പോർട്ട് & സെസ് ലിമിറ്റഡ് കമ്പനിയുടെ മനേജിം​ഗ് ഡയറക്ടർ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എൽ രാധാകൃഷ്ണന്റെ സേവനകാലാവധി നീട്ടാൻ‌ തീരുമാനിച്ചു. 

പ്രൊഫ. കെ വി തോമസ് സംസ്ഥാന സർക്കാരിന്റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി

സംസ്ഥാന സർക്കാരിന്റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി മുൻ എം. പി. പ്രൊഫ. കെ വി തോമസിനെ നിയമിക്കാൻ തീരുമാനിച്ചു. കാബിനറ്റ് പദവിയിലാകും നിയമനം.

ശമ്പള പരിഷ്ക്കരണം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേറ്റീവ് & കോ​ഗ്നിറ്റീവ് ന്യൂറോ സയൻസസ് (ഐക്കോൺസ്)ലെ സ്ഥിരം ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്ക്കരണ കമ്മീഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ കല്പിതമായി നൽകി പതിനൊന്നാം ശമ്പള പരിഷ്ക്കരണ കമ്മീഷൻ പ്രകാരം ശമ്പളവും അലവൻസും പരിഷ്കരിക്കാൻ തീരുമാനിച്ചു. 

കേരള കലാമണ്ഡലത്തിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പതിനൊന്നാം പെൻഷൻ പരിഷ്ക്കരണം വ്യവസ്ഥകൾക്കനുസരിച്ച് അനുവദിക്കാൻ തീരുമാനിച്ചു. 

അധിക ഭൂമി ഏറ്റെടുക്കുന്നതിന് തുക

മാഹി കനാലിന്റെ 1,5 റീച്ചുകളുടെ പൂർത്തീകരണത്തിന് അധിക ഭൂമി  ഏറ്റെടുക്കുന്നതിന്  യഥാക്രമം 8,69,60,687.93 രൂപയും 16,59,34,319 രൂപയും അനുവദിക്കും. 

പാട്ടവാടക

നിയമസഭ കോംപ്ലക്സിലെ കെ എസ് ഇ ബി സബ് സ്റ്റേഷന് അനുവദിച്ച ഭൂമിയുടെ പാട്ടവാടക നിലവിലുള്ള നിരക്കിൽ പുതുക്കി നൽകാൻ തീരുമാനിച്ചു.

സോയില്‍ പൈപ്പിങ്: കോഴിക്കോട് സ്വദേശിക്ക്‌ മുഖ്യമന്ത്രിയുടെ ധനസഹായം അനുവദിച്ചു
Leave A Reply

Your email address will not be published.