കോഴിക്കോട്: കേരള ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥാ വിരുദ്ധ പൗരാവകാശ കണ്വെന്ഷന് നടത്തി. കൈരളി വേദി ഓഡിറ്റോറിയത്തില്‍ നടന്ന കണ്വെന്ഷന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി ഹനിക്കുകയാണ് ഇവര്‍. വര്‍ഗീയതയും വംശീയതയും അഴിച്ചുവിട്ട് ഭരണത്തിലെ കോട്ടങ്ങള്‍ക്ക് ഇവര്‍ മറയൊരുക്കുകയാണെന്നും മുക്കം മുഹമ്മദ് പറഞ്ഞു. ചടങ്ങില്‍ അടിയന്തരാവസ്ഥ പോരാളി കെ.കെ. അപ്പുക്കുട്ടിയെ ആദരിച്ചു. അഡ്വ. എ.കെ. ജയകുമാര്‍ ( പ്രസിഡന്റ്, കേരള ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് ) അധ്യക്ഷത വഹിച്ചു.
പി.സി.ഉണ്ണിച്ചെക്കന് (സംസ്ഥാന സെക്രട്ടറി എംല്പിഐ-റെഡ്ഫ്ളാഗ്) മുഖ്യ പ്രഭാഷണം നടത്തി. ബലമുള്ളതിനെ നീതിയാക്കുന്ന അവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതി, മതം ദൈവം എന്നിവയുടെ പേരില്‍ നമ്മെ പിരിച്ചു നിര്‍ത്തി ഭരണഘടനയെ തുരന്നു തിന്നുകയാണ് ബിജെപി സര്‍ക്കാര്‍.
എല്ലാം തിന്നു തീര്‍ത്ത് അവര്‍ പുറത്തു വരുന്നതുവരെ നമ്മള് കാത്തിരിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. സമൂഹത്തില്‍ അനീതികള്‍ നടക്കുമ്പോള്പ്രതികരിക്കാത്തവര് അതിനു കൂട്ടു നില്‍ക്കുകയാണ്. അടിമക്കൂട്ടമായി നാം മാറുകയാണെന്നും ഉണ്ണിച്ചെക്കന് പറഞ്ഞു. ചടങ്ങില്‍ ബേബി വാസന് മാസ്റ്റര്‍ ( ജന. സെക്രട്ടറി -കേരള ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) , പി. കിഷന്‍ചന്ദ്, പി.ആര്. സുനില്‍സിംഗ്, വാസുദേവന്‍ പുല്ലങ്ങോട്ട്, കെ.കെ അപ്പുക്കുട്ടി എം.എസ് മെഹബൂബ് എന്നിവര്‍ സംസാരിച്ചു.

