കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ റെയ്ഡിനെത്തിയത്. അറസ്റ്റിലായ 9 പേരില്‍ രണ്ട് പേര് ഇടപാടുകാരാണെന്ന് പൊലീസ് പറയുന്നു. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. ഏറെ നാളായി ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥലമല്ല ഇതെന്നും പൊലീസ് വ്യക്തമാക്കുന്നു.
സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്റ് ഉടമയുടെ പ്രതികരണം. വാടകയ്ക്ക് കൊടുത്തത് ഫുട്ബോള്‍ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റായ ഒരാള്‍ക്കാണ്. വാടക നല്‍കുന്നത് ഓണ്‍ലൈനായിട്ട് ആയതിനാൽ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
രണ്ടു വർഷത്തിലേറെയായി വാടകയ്ക്ക് കൊടുത്തിരുന്ന അപ്പാർട്മെന്റിലാണ് റെയ്ഡുണ്ടായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകൾ ഉളള ഇടത്താണ് ഈ അപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത്. ഫുട്ബോൾ പരിശീലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾക്കാണ് ഇവിടെ വാടകയ്ക്ക് നൽകിയിരുന്നതെന്ന് അപ്പാർട്മെന്റിന്റെ പാർട്നർമാരിൽ ഒരാളായ സുരേഷ് ബാബു പറഞ്ഞു.
രണ്ടു മാസം മുൻപ് ചില അയൽക്കാർ ഇവിടെയെത്തുന്നവരെക്കുറിച്ച് സംശയം അറിയിച്ചപ്പോൾ ഇവിടെയെത്തി അന്വേഷിച്ചിരുന്നു. എന്നാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചില ബന്ധുക്കളെ കാണാനെത്തുന്നവരാണ് അപ്പാർട്മെന്റിൽ എത്തുന്നതെന്നാണ് വീട് വാടകയ്ക്ക് എടുത്തവർ പറഞ്ഞിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അപാർട്മെന്റിനെക്കുറിച്ച് ചിലർ പരാതി ഉയർത്തിയതിനെ തുടർന്നു സിറ്റി ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

